ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരനായ ലയണൽ മെസിക്ക് കിരീടവുമായി മടങ്ങാനായതാണ്, ഖത്തർ ലോകകപ്പ് സമ്മാനിച്ച സുന്ദരമായ നിമിഷങ്ങൾ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. തുടക്കം മുതൽ കളിയിൽ മേധാവിത്വം പുലർത്തിയാണ് അർജന്‍റീന രണ്ടു ഗോൾ ലീഡ് നേടിയത്.
ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്‍റീനയെ കാത്തിരുന്നത് ഫ്രാൻസിന്‍റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്. ഫ്രാൻസിന്‍റെ തിരിച്ചുവരവ് അർജന്‍റീനയെ മാനസികമായി തളർത്തി. അവർ കളിയിലും പിന്നോട്ടുപോയി. ഒരുവിധത്തിൽ നിശ്ചിതസമയം കഴിച്ചുകൂട്ടുകയായിരുന്നു അർജന്‍റീന.
advertisement
എന്നാൽ തകർപ്പൻ കളിയുമായി മെസി അർജന്‍റീനയെ മുന്നിലെത്തിച്ചു. മത്സരം ജയിച്ചെന്ന് കരുതിയിടത്ത് വീണ്ടും എംബാപ്പെ അർജന്‍റീനയുടെ ഹൃദയം ഭേദിച്ചു. തകർപ്പനൊരു പെനാൽറ്റി കിക്കിലൂടെ അധികസമയം അവസാനിക്കാൻ രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ ഫ്രാൻസിനെ ഒപ്പമെത്തിച്ചു.
Also Read- സ്വപ്നം പുത്തുലഞ്ഞു; പൊന്നിന്‍കപ്പില്‍ മുത്തമിട്ട് മിശിഹയ്ക്ക് ലോകകപ്പിൽ നിന്ന് മടക്കം
മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടന്നപ്പോൾ, എമിലിയാനോ മാർട്ടിനസ് എന്ന ഗോളിയായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്‍റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്‍റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. അർജന്‍റീന ലോകത്തിന്‍റെ നെറുകയിലേക്ക് നടന്നുകയറി. ആരാധകർ ഇരമ്പിയാർത്തു. മെസിയുടെ കാലഘട്ടത്തിലൂടെ കിരീടവഴിയിലേക്ക് അവർ തിരിച്ചെത്തി.