പാരാലിംപിക്സ് ചരിത്രത്തിൽ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭാവിനയിലൂടെ സ്വന്തമാകുന്നത്. ക്ലാസ് 4 (അരയ്ക്കു താഴോട്ടു തളർന്നവർ) വിഭാഗത്തിലാണ് ഭാവിനയുടെ മുന്നേറ്റം. ഇന്നു രാവിലെ നടന്ന സെമി പോരാട്ടത്തിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്താണ് ഭാവിന ഫൈനലിൽ കടന്നത്. സ്കോർ: 7-11, 11-7, 11-4, 9-11, 11-8.
advertisement
വെറും 34 മിനിറ്റിലാണ് ഭാവിന എതിരാളിയെ തകർത്തുവിട്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ തന്നെ യിങ് സൂവാണ് ഭാവിനയുടെ എതിരാളി. ക്വാർട്ടറിൽ സെർബിയയുടെ ലോക അഞ്ചാം നമ്പറും റിയോ ഒളിംപിക്സിലെ സ്വർണജേതാവുമായ ബോറിസ്ലാവ റാങ്കോവിച്ചിനെയാണ് ഇന്ത്യൻ താരം അട്ടിമറിച്ചത് (11–5, 11–6, 11–7). ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റാണു ഭാവിന തുടങ്ങിയത്.
വനിതാ സിംഗിൾസിൽ മത്സരിച്ച മറ്റൊരു ഇന്ത്യക്കാരി സോണാൽബെൻ പട്ടേൽ ഗ്രൂപ്പിലെ 2 മത്സരങ്ങളും തോറ്റു നേരത്തേ പുറത്തായിരുന്നു. വനിതാ ഭാരോദ്വഹനത്തിൽ സക്കീന ഖാത്തും അഞ്ചാം സ്ഥാനം നേടി. പുരുഷ അമ്പെയ്ത്തിൽ രാകേഷ് ശർമ റാങ്കിങ് റൗണ്ടിൽ മൂന്നാമതെത്തി.
ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴേക്ക് തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണ് ഭാവിന ജനിച്ചത്. 12ാം ക്ലാസ് വരെ നാട്ടിലെ സ്കൂളിൽ പഠിച്ചശേഷം അഹമ്മദാബാദിലേക്ക് മാറി. അവിടെ ആദ്യം കമ്പ്യൂട്ടർ പഠനം. അതിനൊപ്പം ടേബിൾ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സർവകലാശാലയിൽനിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.
ബെംഗളൂരുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പാരാ ടേബിൾ ടെന്നിസിൽ ജേതാവായതോടെ കഥ മാറി. 2016ൽ റിയോ പാരാലിംപിക്സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ പറ്റിയില്ല. അതിന്റെ സങ്കടം മറികടന്നു പരിശീലനം തുടർന്നു. 2018ൽ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ. ഒടുവിൽ ടോക്കിയോ പാരാലിംപിക്സിനു യോഗ്യത. മെഡൽ ഉറപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ ഭർത്താവ് നികുൽ പട്ടേൽ പിന്തുണയുമായി ഒപ്പമുണ്ട്.