എന്നാല്‍ പന്ത്രണ്ടാം സീസണിലെ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ ടീമില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും പ്രായക്കൂടുതലുള്ള താരങ്ങളെക്കൊണ്ട് മാത്രം മുന്നോട്ട പോകാനാകില്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. പുതിയ ടീമിനെ തയ്യാറാക്കേണ്ട സമയമാണിതെന്നും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണെന്നും ഫ്‌ളെമിങ് പറയുന്നു.
'34 വയസാണ് ചെന്നൈ ടീമിന്റെ ശരാശരി പ്രായം. എന്നാലും ടീമിന് കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടാനും ഇത്തവണ ഫൈനലിലെത്താനും കഴിഞ്ഞു. ടീമിനെ സംബന്ധിച്ച് നല്ല രണ്ട് വര്‍ഷങ്ങളായിരുന്നു. പക്ഷേ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. പ്രായം കൂടിക്കൊണ്ടിരിക്കുന്ന ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയം അടുത്തു' ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.
advertisement
ടീമില്‍ ബാറ്റിങ്ങ് നിരയുടെ മോശം പ്രകടനമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഫ്‌ളെമിങ്ങിന്റെ നിരീക്ഷണം. 'ബാറ്റിങ് നിരയില്‍ പല താരങ്ങളും നിരാശാജനകമായ പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. ചെന്നൈയുടെ ബൗളര്‍മാര്‍ തിളങ്ങി. എന്നാല്‍, ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ആശാവഹമല്ലായിരുന്നു. ധോണി ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടക്കും' ഫ്‌ളെമിങ് വ്യക്തമാക്കി.
