ഇന്ത്യയുമായുള്ള മത്സരം ബഹിഷികരിച്ചതിന് ഔദ്യോഗികമായ കാരണങ്ങൾ ഒന്നും പാകിസ്ഥാൻ പറഞ്ഞിട്ടില്ലെങ്കിലും, ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.
"ഞങ്ങൾ കളിക്കാൻ വിസമ്മതിച്ചിട്ടില്ല, അവരാണ് വിസമ്മതിച്ചത്. കൊളംബോയിലേക്കുള്ള ഞങ്ങളുടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്" എന്ന് ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ സംഗമത്തിൽ സൂര്യകുമാർ പറഞ്ഞു. ആദ്യം തങ്ങൾ മുംബൈയിൽ കളിക്കുമെന്നും പിന്നീട് ഡൽഹിയിലേക്ക് പോകുമെന്നും അവിടെനിന്ന് കൊളംബോയിലേക്ക് യാത്ര തിരിക്കുമെന്നും സൂര്യകുമാർ വ്യക്തമാക്കി. പാകിസ്താൻ്റെ തീരുമാനം തൻ്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 7 ശനിയാഴ്ചയാണ് ടി20 ലോകകപ്പ് ടൂർണമെൻ്റ് ആരംഭിക്കുന്നത്. ബിസിസിഐയും ഐസിസിയും തമ്മിലുള്ള കരാർ പ്രകാരം പാകിസ്താൻ്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാനടക്കുന്നത്.
advertisement
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചാൽ കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ഐസിസി പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ ക്രിക്കറ്റിൻ്റെ പൊതുവായ താൽപ്പര്യങ്ങൾക്ക് ഗുണകരമാകില്ലെന്നും ഐസിസി ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരും സ്പോൺസർഷിപ്പ് താൽപ്പര്യങ്ങളും വരുമാനവും നേടിത്തരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഏതൊരു ഐസിസി ടൂർണമെൻ്റിലെയും ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ്.
