ഇതോടൊപ്പം ബോക്സിങ്ങിന്റെ ഭാവിയും തുലാസിലാണ്. രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെ രീതികളോട് കടുത്ത വിയോജിപ്പാണ് ഐഒസിക്കുള്ളത്. ഇതേ തുടർന്ന് ടോക്യോ ഒളിമ്പിക്സിലെ ബോക്‌സിങ് മത്സരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍നിന്ന് ബോക്‌സിങ് ഫെഡറേഷനെ ഐഒസി രണ്ടു വര്‍ഷം മുന്‍പ് ഒഴിവാക്കിയിരുന്നു. ഭാരോദ്വഹനത്തിന്റെയും ബോക്സിങിന്റെയും ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ ഗെയിംസിലേക്ക് പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിയും ഐഒസി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2024ൽ നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ബ്രേക്ക് ഡാൻസിംഗ് അരങ്ങേറും. ഇതോടൊപ്പം ഈ ഒളിമ്പിക്സിൽ ഉണ്ടായിരുന്ന സ്‌കേറ്റ് ബോർഡിങ്, ക്ലൈമ്പിങ്, സർഫിങ് എന്നീ ഇനങ്ങൾ തുടരുകയും ചെയ്യും.
advertisement
വര്‍ഷങ്ങളായി അഴിമതി ആരോപണങ്ങള്‍ക്കും ഉത്തേജക വിവാദങ്ങളും ഉയർന്ന് വന്നിരുന്ന ഭാരോദ്വഹനത്തിൽ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിരുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗമായിരുന്ന ടമാസ് അജാനാണ് കഴിഞ്ഞ വര്‍ഷം വരെ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്റെ അമരത്തുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ട് കാലം ഫെഡറേഷന്റെ തലപ്പത്തിരുന്ന ശേഷമാണ് അദ്ദേഹം വഴിമാറിയതും. ഈ സമയത്ത് അഴിമിതയും ഉത്തേജക വിവാദങ്ങളും നിറഞ്ഞതായിരുന്നു ഭാരോദ്വഹനം. ഇതിനെ കുറിച്ച് ഒരു ജര്‍മന്‍ മാധ്യമം വാർത്ത പുറത്തുവിടുകയും ചെയ്തിരുന്നു.
2016ല്‍ റിയോ ഒളിമ്പിക്സിലെ ബോക്‌സിങ് മത്സരങ്ങളുടെ നടത്തിപ്പിനെച്ചൊല്ലി ഉയര്‍ന്ന സംശയങ്ങളെ തുടര്‍ന്നാണ് ബോക്സിങ്ങിലേക്കും ഐഒസിയുടെ അന്വേഷണം നീണ്ടത്. ഇതിനു പുറമെയാണ് ബോക്‌സിങ് ഫെഡറേഷനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഐഒസിക്കുള്ള അതൃപ്തി. ടോക്യോ ഒളിമ്പിക്സിലെ ബോക്‌സിങ് മത്സരങ്ങളുടെ നടത്തിപ്പും ഒപ്പം പുതിയ പ്രസിഡന്റായ ഉമര്‍ ക്രെംലേവിനു കീഴിൽ ഫെഡറേഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിലയിരുത്തിയാകും പാരീസ് ഒളിമ്പിക്സിൽ ബോക്സിങിന്റെ ഭാവി തീരുമാനിക്കുക.
ഒളിമ്പിക്സിൽ നിന്ന് ഭാരോദ്വഹനവും ബോക്സിങ്ങും എടുത്ത് കളഞ്ഞാൽ അത് ഇന്ത്യക്കും ഒരു തരത്തിൽ തിരിച്ചടിയാണ്. ഭാരോദ്വഹനത്തിൽ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. അടുത്ത ഒളിമ്പിക്സിൽ ഈ ഇനങ്ങളിൽ മികച്ച പ്രകടനം ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് ഇവ രണ്ടും എടുത്ത് കളയുന്നത് തിരിച്ചടിയാകും.