ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളുടെ അവസാന സംഘവും ഇന്ത്യയിൽ തിരിച്ചത്തി. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് ഡൽഹി വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. തങ്ങളുടെ പ്രിയ താരങ്ങളെ വരവേൽക്കാനായി ആയിരകണക്കിന് ആരാധകരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
ജാവലിൻ ത്രോയിൽ നേടിയ സ്വർണത്തിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദാഹിയ, വെങ്കല മെഡൽ നേടിയ ഭജ്‌രംഗ് പുനിയ, ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ലവ്ലിന ബോർഗോഹെയ്ൻ, ഹോക്കിയിൽ വെങ്കല മെഡൽ നേടി ചരിത്രമെഴുതിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം എന്നിവരാണ് സംഘത്തിലെ പ്രമുഖർ. ടോക്യോയിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ കുടുംബവും എത്തിയിരുന്നു.
ഇവർക്ക് പുറമെ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ പങ്കെടുത്ത മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയയും അമോജ് ജേ്ക്കബും നോഹ നിര്‍മല്‍ ടോമും സംഘത്തിലുണ്ടായിരുന്നു. റിലേയിൽ ഫൈനലിൽ എത്തിയില്ലെങ്കിലും ഹീറ്റ്‌സിൽ നാലാം സ്ഥാനം നേടിയ ഇവരുടെ സംഘം പുതിയ ഏഷ്യൻ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ബാഡ്മിന്റണിലെ വെങ്കല മെഡൽ ജേതാവായ പി വി സിന്ധുവും, ഭാരോദ്വഹനത്തിൽ വെള്ളി സ്വന്തമാക്കിയ മീരഭായ് ചാനുവും നേരത്തെ തന്നെ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.
ഇന്ത്യയിൽ തിരിച്ചെത്തിയ ഇവർക്ക് കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റിയും ചേർന്ന് ഡൽഹിയിലെ അശോക ഹോട്ടലിൽ താരങ്ങൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇതിൽ മെഡൽ ജേതാക്കളെയും ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് കായിക താരങ്ങളെയും അനുമോദിക്കും.
ഇത്തവണ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഒളിമ്പിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ വേട്ടയായിരുന്നു ഇത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ നേടിയ ആറ് മെഡലുകളായിരുന്നു ഇതുവരെ ഒളിമ്പിക്സിൽ ഇന്ത്യയുടെ മികച്ച പ്രകടനം. ഏഴ് മെഡലുകൾ നേടിയ ഒളിമ്പിക്സ് അവസാനിച്ചപ്പോൾ മെഡൽ പട്ടികയിൽ 48ാ൦ സ്ഥാനത്തായിരുന്നു. ഇതും ഇന്ത്യയുടെ മികച്ച പ്രകടനമാണ്. ലണ്ടൻ ഒളിമ്പിക്സിൽ നേടിയ 67ാ൦ സ്ഥാനമായിരുന്നു ഇതിന് മുൻപത്തെ മികച്ച പ്രകടനം. അവസാന ദിനം വരെ 66ാ൦ സ്ഥാനത്തായിരുന്ന ഇന്ത്യ നീരജ് ചോപ്ര നേടിയ സ്വർണത്തിന്റെ ബലത്തിലാണ് ആദ്യ 50 സ്ഥാനങ്ങൾക്കുളിൽ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.