ഇപ്പോൾ ഫൈനൽ പോരട്ടത്തിലേക്ക് എത്തുമ്പോൾ വീണ്ടും ബെൻസെമ ചർച്ചയാകുകയാണ്. ഫൈനലിന് ഇറങ്ങുന്ന ടീമിൽ ബെൻസെമ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. താരം പരിശീലനം പുനരാരംഭിച്ചതോടെയാണ് വീണ്ടും വാർത്തകൾ സജീവമായത്. താരം പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ റയൽ മാഡ്രിഡ് പുറത്തുവിട്ടിരുന്നു.
ബെൻസെമ തിരിച്ചെത്തുമോ എന്ന ചോദ്യം ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സിന് മുന്നിലുമെത്തി. മൊറോക്കോയ്ക്കെതിരെയുള്ള സെമി ഫൈനൽ വിജയത്തിന് ശേഷമായിരുന്നു മാധ്യമങ്ങളിൽ നിന്ന് ദിദിയർ ഈ ചോദ്യം നേരിട്ടത്.
ഫൈനലിൽ അർജന്റീനയ്ക്കെതിരായ ടീമിൽ ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ തിരിച്ചെത്തുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയില്ലെങ്കിലും കൃത്യമായ ഉത്തരം ദിദിയർ നൽകിയിട്ടില്ല. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശരിക്കും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ക്ഷമ പറഞ്ഞുകൊണ്ടുള്ള പരിശീലകന്റെ മറുപടി. ബെൻസെമ തിരിച്ചുവരും എന്ന് പറഞ്ഞില്ലെങ്കിലും താരം ഉണ്ടാകില്ലെന്ന് പരിശീലകൻ തീർത്തു പറഞ്ഞിട്ടുമില്ല. ഇതോടെ ബെൻസെമയുടെ അപ്രതീക്ഷിത എൻട്രി ഫൈനലിൽ പ്രതീക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read- ലോകകപ്പ് 2022 ഫൈനൽ അർജന്‍റീനയും ഫ്രാൻസും തമ്മിൽ; ജയിക്കുന്നവർക്ക് മൂന്നാം കിരീടം
ബെൻസെമയുടെ അഭാവം തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ ലോകകപ്പിൽ ഫ്രാൻസിന് കാര്യങ്ങൾ ഇതുവരെ അനുകൂലമായിരുന്നു. എംബാപ്പെ അടക്കമുള്ള ടീമിലെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. വലിയ വെല്ലുവിളികളില്ലാതെ ഇതുവരെയുള്ള മത്സരങ്ങളെല്ലാം കടന്ന് ഫൈനലിൽ എത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ടുണീഷ്യയോട് മാത്രമാണ് ഫ്രാൻസ് പരാജയപ്പെട്ടത്.