ഇന്ത്യയുടെ മികവുറ്റ താരനിരയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ഹോള്‍ഡിങ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 'ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ മത്സരഫലത്തില്‍ തീര്‍ച്ചയായും സ്വാധീനമുണ്ടാക്കും. എന്നാല്‍ ഇന്ത്യയുടെ പക്കല്‍ ഒരു ശക്തമായ ബൗളിംഗ് നിര തന്നെയുണ്ട്. അതിനാല്‍ തന്നെ ഏതു സാഹചര്യത്തിലും അവര്‍ മികവ് പുലര്‍ത്തും. സൂര്യപ്രകാശമുള്ള, തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ വച്ചുള്ള ഒരു നിരയുമായി ഇറങ്ങിയേക്കും. മികച്ച സ്പിന്നര്‍മാര്‍ ടീമിലുണ്ട് എന്ന മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇനി മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും ഇന്ത്യന്‍ നിരയില്‍ ഒരു സ്പിന്നര്‍ ഉണ്ടാകും, കാരണം ബൗളിംഗില്‍ കൂടാതെ ബാറ്റിങിലും ടീമിനു സംഭാവന ചെയ്യാന്‍ കഴിയുന്ന അശ്വിന്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. സതാംപ്ടണിലെ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ടേണ്‍ ലഭിക്കും എന്നതിനാല്‍ പിച്ച് സ്പിന്നര്‍മാര്‍ക്കും പിന്തുണ നല്‍കിയേക്കും. ഇന്ത്യയും അത് തന്നെയായിരിക്കും ആഗ്രഹിക്കുക്ക.' ഹോള്‍ഡിങ്ങ് വ്യക്തമാക്കി.
advertisement
ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയ വിന്‍ഡീസ് ഇതിഹാസം ഫൈനലില്‍ മത്സരിക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരായ വിരാട് കോഹ്ലി, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും താരതമ്യം ചെയ്തു. വ്യത്യസ്തമായ ശൈലിയില്‍ കളിയെ സമീപിക്കുന്ന രണ്ടു ക്യാപ്റ്റന്‍മാരാണ് ഇരുവരുമെന്നു ഹോള്‍ഡിങ് ചൂണ്ടിക്കാട്ടി. വില്യംസണ്‍ ശാന്തപ്രകൃതമുള്ള ക്യാപ്റ്റനാണ്. കോഹ്ലിയാവട്ടെ കൂടുതല്‍ വികാരപ്രകടനം നടത്തുന്ന നായകനുമാണ്. ശാന്തനായിട്ടുള്ള ഒരു ക്യാപ്റ്റന് തന്റെ ടീമംഗങ്ങളെ കളിക്കളത്തില്‍ അധികം സമ്മര്‍ദ്ദമില്ലാതെ നിര്‍ത്താന്‍ സഹായിക്കും. അതു കാരണം അവര്‍ക്കു അധികം ടെന്‍ഷനുണ്ടാവുകയുമില്ല. അതേസമയം, വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന, ആക്രമണോത്സുകതയുള്ള ഒരു ക്യാപ്റ്റന് തന്റെ ടീമിന്റെ സ്പിരിറ്റ് ഉയര്‍ത്താന്‍ സാധിക്കും. കടുപ്പമേറിയ, നിര്‍ണായകമായ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്ളത് ടീമിനു കൂടുതല്‍ പ്രചോദനം നല്‍കുമെന്നും ഹോള്‍ഡിങ് നിരീക്ഷിച്ചു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നേരത്തേ ഇന്ത്യയും ന്യൂസിലന്‍ഡും ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ന്യൂസിലന്‍ഡില്‍ വച്ചായിരുന്നു ഇത്. അന്ന് നടന്ന പരമ്പരയില്‍ 2-0ന് വിജയം നേടി ന്യൂസിലന്‍ഡ് പരമ്പര തൂത്ത്വാരിയിരുന്നു. തുടര്‍ച്ചയായി പരമ്പരകള്‍ ജയിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇന്ത്യന്‍ ടീമിന് കിട്ടിയ ആദ്യത്തെ പ്രഹരമായിരുന്നു ഇത്. മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക പരമ്പരയും ഇതായിരുന്നു. പിന്നീട് മികച്ച രീതിയില്‍ കളിച്ച ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്.
അന്നത്തെ പരാജയത്തിനു വരാന്‍ പോകുന്ന ഫൈനലില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടില്‍ എത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. മറുവശത്ത്, ന്യൂസിലന്‍ഡ് വളരെ നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു. നിലവില്‍ ആതിഥേയരായ ഇംഗ്ലണ്ടുമായി രണ്ടു മത്സര ടെസ്റ്റ് പരമ്പര കളിക്കുകയാണ് അവര്‍.