ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍; താരം മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന് സൂചന
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു.
ഇന്നലെ നടന്ന മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകള്‍ നല്‍കി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ദൈര്‍ഘ്യമേറിയ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മത്സരത്തില്‍ നിന്നും നിന്ന് പിന്മാറുമെന്നാണ് താരം വെളിപ്പെടുത്തിയത്. ജര്‍മ്മന്‍ താരം കൊപ്പഫെറിനെതിരായ ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു.
ഇന്നലെ നടന്ന ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്പഫെര്‍ക്കെതിരായ പോരാട്ടം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടിരുന്നു. നാലു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ പതിവ് ഒഴുക്കോടെയായിരുന്നില്ല താരം കളിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു തവണ ഫെഡറര്‍ വലതുകാല്‍മുട്ടിനു ശസ്ത്രക്രയയ്ക്കു വിധേയനായിരുന്നു. ഇതിനുശേഷം കളിക്കുന്ന ആറാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. 2020 ജനുവരിക്ക് ശേഷമുള്ള മൂന്നാമത്തെ ടൂര്‍ണമെന്റും. മത്സരത്തില്‍ 7-6(7-5) 6-7(3-7)7-6(7-4)7-5 എന്ന സ്‌കോറിനാണ് ഡൊമിനിക്കിനെ റോജര്‍ ഫെഡറര്‍ മുട്ടുകുത്തിച്ചത്.
advertisement
മത്സരത്തിലെ ജയത്തിന് ശേഷമാണ് ഓപ്പണില്‍ തുടരുമോ എന്ന കാര്യത്തെക്കുറിച്ച് താരം സംസാരിച്ചത്. ഓരോ ദിവസവും ഉറക്കം എണീക്കുമ്പോഴും ആദ്യം നോക്കുന്നത് കാല്‍മുട്ടിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 'കളി തുടരണമോ വേണ്ടയോ എന്ന് എനിക്ക് തീരുമാനിക്കേണ്ടതുണ്ട്. കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ?, വിശ്രമം എടുക്കേണ്ട സമയമാണോ എന്നെല്ലാം അറിയണം. ഓരോ മത്സരത്തിന് ശേഷവും ഞാന്‍ കാല്‍മുട്ടിന്റെ അവസ്ഥ വിലയിരുത്തണം. ഓരോ ദിവസവും ഞാന്‍ ഉറക്കം ഉണരുന്നത് എന്റെ കാല്‍മുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ്' - ഫെഡറര്‍ പറഞ്ഞു.
advertisement
ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇത് 68ആം തവണയാണ് ഫെഡറര്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ ഇടംപിടിക്കുന്നത്. 2015ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഫെഡറര്‍ റോളണ്ട് ഗാരോസില്‍ മത്സരിക്കുന്നത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ താരത്തിന് 40 വയസ്സ് തികയും.
advertisement
വനിതാ വിഭാഗം സിംഗിള്‍സില്‍ നിന്ന് ഒന്നാം സീഡായ ആഷ്ലി ബാര്‍ട്ടിയുടെ പിന്‍മാറ്റം വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ഫ്രഞ്ച് ഓപ്പണില്‍ നിന്നും വനിതാ വിഭാഗത്തില്‍ നിന്നും പിന്മാറുന്ന കളിക്കാരുടെ എണ്ണം നാലായി. തന്റെ ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ബാര്‍ട്ടി പിന്‍മാറിയത്. ആദ്യ സെറ്റിനിടെ വൈദ്യസഹായം തേടിയ ബാര്‍ട്ടി അതിനുശേഷം തിരിച്ചെത്തിയെങ്കിലും സെറ്റ് നഷ്ടമായി. രണ്ടാം സെറ്റില്‍ പിന്നിട്ടു നില്‍ക്കുന്നതിനിടെ പരിക്കുമൂലം വീണ്ടും മെഡിക്കല്‍ ടൈം ഔട്ട് എടുത്ത ബാര്‍ട്ടി പിന്നീട് മത്സരം തുടരാനാവാതെ പിന്‍മാറുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍; താരം മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന് സൂചന