ബെന്‍സ്റ്റോക്സ്
ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ന്യുസീലന്‍ഡിന്റെ തോല്‍വിക്ക് വഴിയൊരുക്കിയ ഇംഗ്ലണ്ട് താരം ബെന്‍സ്‌റ്റോക്‌സ് ജനിച്ചത് ന്യൂസീലന്‍ഡിലായിരുന്നു. അച്ഛന്‍ ജെറാര്‍ഡ് സ്റ്റോക്‌സ് ന്യൂസീലന്‍ഡിന്റെ റഗ്ബി താരമായിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെ വര്‍ക്കിങ്ടണ്‍ റഗ്ബി ക്ലബ്ബിന്റെ പരിശീലകനായി. ഇതോടെ ജെറാര്‍ഡും കുടുംബവും ഇംഗ്ലണ്ടിലേക്ക് മാറി. 12 ാം വയസിലാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിലെത്തുന്നത് അതുകൊണ്ടുതന്നെയാകണം അവസാന ഓവറില്‍ അറിയാതെ ബാറ്റില്‍ തട്ടിപ്പോയ ബൗണ്ടറിക്ക് താരം ക്ഷമ പറഞ്ഞതും. കുടുംബം തിരികെ ന്യൂസീലന്‍ഡിലേക്ക് മടങ്ങിയെങ്കിലും സ്റ്റോക്‌സ് ഇംഗ്ലണ്ടില്‍ കളി തുടര്‍ന്നു. 2011 ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം.
advertisement
Also Read: ICC World cup 2019: ഒരു ജേതാവും രണ്ട് ചാംപ്യൻ ടീമുകളും!
ഫൈനലില്‍ പുറത്താകാതെ 84 റണ്‍സാണ് സ്റ്റോക്‌സ് അടിച്ചു കൂട്ടിയത്. ലോകകപ്പില്‍ 11 കളിയില്‍ നിന്ന് 465 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. ഒപ്പം 7 വിക്കറ്റും. നേരത്തെ 2016 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് എന്ന പേര് ലോകം ഏറ്റുപാടുമ്പോള്‍ അതിന്റെ മറുവശത്ത് മുഖം പൂഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു ബെന്‍ സ്റ്റോക്‌സ് എന്ന ബൗളര്‍. ഇന്നിപ്പോള്‍ ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായി തല ഉയര്‍ത്തി നില്‍ക്കുന്നമ്പോള്‍ അയാള്‍ക്ക് അത് ഒരു ജനതയോടുള്ള കടംവീട്ടല്‍ കൂടിയാണ്.
ഓയിന്‍ മോര്‍ഗന്‍
ലോകകപ്പില്‍ ഇംഗ്ലണ്ട് കുതിപ്പിന് കടിഞ്ഞാണ്‍ പിടിച്ച ഓയിന്‍ മോര്‍ഗന്റെ ജനനം അയര്‍ലന്‍ഡിലെ ഡബ്ലിനിലായിരുന്നു. അയര്‍ലന്‍ഡില്‍ വളര്‍ന്ന മോര്‍ഗന്‍ അവര്‍ക്കായി 23 ഏകദിനം കളിച്ചു. 35.42 ശരാശരിയില്‍ 744 റണ്‍സെടുക്കുകയും ചെയ്തു. എന്നാല്‍, ഇംഗ്ലണ്ടിനായി കളിക്കാനുള്ള ആഗ്രഹം മോര്‍ഗന്‍ പങ്കുവെച്ചു. ഇതോടെ 2009-ല്‍ ഇംഗ്ലണ്ട് ടീമില്‍ അവസരം കിട്ടി. വിന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. 2014 മുതല്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ കൂടിയായ താരം ലോകകപ്പില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 11 കളിയില്‍ നിന്ന് 371 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 148 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ 22 സിക്‌സുകളും 26 ഫോറുകളും താരം നേടി.
Dont Miss: ICC World cup 2019: ലോകചാംപ്യൻമാരെ തീരുമാനിച്ചത് ബൗണ്ടറി നിയമം; അറിയേണ്ട കാര്യങ്ങൾ
ജേസണ്‍ റോയ്
ഇംഗ്ലീഷ് കിരീട മോഹങ്ങള്‍ക്ക് നിറം പകര്‍ന്ന ജേസണ്‍ റോയ് ജനിച്ചത് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ്. 10 വയസ് പ്രായമുള്ളപ്പോഴാണ് റോയിയുടെ കുടുംബം ഇംഗ്ലണ്ടിലെത്തുന്നത്. 2014 സെപ്റ്റംബറില്‍ ഇന്ത്യക്കെതിരെ ടി20യിലൂടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഈ ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്ന് 443 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ആ ബാറ്റില്‍ നിന്ന് പിറന്നു.
ആര്‍ച്ചര്‍
ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു ജോഫ്ര ആര്‍ച്ചറിന്റെ ഇംഗ്ലണ്ട് അരങ്ങേറ്റം. വിന്‍ഡീസിന്റെ അണ്ടര്‍-19 ടീമില്‍ കളിച്ച ആര്‍ച്ചറുടെ അച്ഛന്‍ ഇംഗ്ലണ്ടുകാരനായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ച്ചര്‍ക്ക് ഇംഗ്ലീഷ് പാസ്‌പോര്‍ട്ട് കിട്ടി. പിന്നാലെ ഇംഗ്ലണ്ടിനായി കളിക്കാന്‍ തയ്യാറെടുത്തു. എന്നാല്‍, ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിലെ ചില നിയമങ്ങള്‍ തിരിച്ചടിയായി. പാസ്‌പോര്‍ട്ട് കിട്ടി ഏഴ് വര്‍ഷത്തിനുശേഷമേ ദേശീയ ടീമിലേക്ക് പരിഗണിക്കാവൂ എന്നായിരുന്നു നിബന്ധന. ഒടുവില്‍ ബോര്‍ഡ് നിയമം പുനഃപരിശോധിച്ചതോടെ ആര്‍ച്ചറിന് ഇംഗ്ലണ്ട് ടീമില്‍ ഇടംകിട്ടി. അയര്‍ലന്‍ഡിനെതിരേ അരങ്ങേറ്റം കുറിച്ച ആര്‍ച്ചര്‍ പാകിസ്താനെതിരേ തിളങ്ങിയതോടെ ലോകകപ്പ് ടീമില്‍ അവസരം കിട്ടി.
ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഫൈനലിലെ സൂപ്പര്‍ ഓവര്‍ ഉള്‍പ്പെടെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ആര്‍ച്ചര്‍ ടീമിന് കരുത്തായി. 3 ന് 27 ആണ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനം.