എഐ ഇംപാക്ട് സമ്മിറ്റിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജോർജിയേവ. ആഗോള വളർച്ചയെ ഗണ്യമായി വേഗത്തിലാക്കാൻ എഐക്ക് സാധിക്കുമെ്ന്ന് ഐഎംഎഫ് നടത്തിയ ഗവേഷണങ്ങളിൽ വ്യക്തമായതാണ്. എഐയുടെ സ്വാധീനം മൂലം ലോകം കോവിഡ് മഹാമാരിക്ക് മുൻപുള്ളതിനേക്കാൾ വേഗത്തിൽ വളരുമെന്ന് അവർ ചൂണ്ടിക്കാട്ടി. സാമ്പത്തിക വളർച്ച വേഗത്തിലാകുന്നത് കൂടുതൽ അവസരങ്ങളും ജോലികളും സൃഷ്ടിക്കുമെന്നതിനാൽ അത് മികച്ച കാര്യമാണെന്നും ഇന്ത്യയുടെ ദീർഘകാല കാഴ്ചപ്പാടിനെക്കുറിച്ച് താൻ ശുഭാപ്തിവിശ്വാസിയാണെന്നും അവർ പറഞ്ഞു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനും 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ലക്ഷ്യം ഇതിലൂടെ സാധ്യമാകുമെന്നും ജോർജിയേവ വ്യക്തമാക്കി.
advertisement
അതേസമയം, എഐ തൊഴിൽ മേഖലയിൽ ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ 40 ശതമാനം ജോലികളെയും ഇത് ബാധിക്കും. വികസ്വര രാജ്യങ്ങളിൽ ഇതിന്റെ ആഘാതം 40 ശതമാനമായിരിക്കുമ്പോൾ വികസിത രാജ്യങ്ങളിൽ അത് 60 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
എഐ സാങ്കേതികവിദ്യ ആഗോളതലത്തിൽ 17 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു. ബിസിനസ്സുകൾ പ്രവർത്തിക്കുന്ന രീതിയിൽ വലിയൊരു മാറ്റമാണ് എഐ കൊണ്ടുവരുന്നത്. സ്മാർട്ട്ഫോണുകളോ ക്ലൗഡ് സാങ്കേതികവിദ്യയോ വന്നപ്പോൾ ഉണ്ടായതിനേക്കാൾ മൗലികമായ മാറ്റമാണിതെന്നും പഴയ രീതിയിൽ ഇനി ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ജോലികളെ പൂർണ്ണമായി ഇല്ലാതാക്കില്ലെന്നും, മറിച്ച് ഒരു ജോലിയെ വിവിധ ഘട്ടങ്ങളായി വിഭജിച്ച് അതിന്റെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തുകയാണ് ചെയ്യുകയെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്ദോക്ക് അഭിപ്രായപ്പെട്ടു. എഐയുടെ യഥാർത്ഥ സ്വാധീനം ആളുകളെ പിരിച്ചുവിടലല്ല, മറിച്ച് തൊഴിൽ രീതികളിലെ ഘടനാപരമായ മാറ്റമാണെന്നും അദ്ദേഹം വിശദീകരിച്ചു.
