വീടുകള്‍ക്കുള്ളില്‍ താമസക്കാര്‍ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ന്യൂയോര്‍ക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബഫല്ലോയില്‍ നിന്ന് വാഹനങ്ങള്‍ക്ക് ഉള്ളിൽ നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. ‘ഇപ്പോഴും മഞ്ഞുവീഴ്ച തുടരുന്നതിനാലും താപനില പൂജത്തിന് താഴെയായതിനാല്‍ എല്ലാവരും വീട്ടിലിരിക്കാനും, സുരക്ഷിതമായിരിക്കാനും’, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോചല്‍ ട്വീറ്ററിലൂടെ പറഞ്ഞു.
മഞ്ഞ് മൂടപ്പെട്ട ഒരു റസ്റ്റോറന്റിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഹിമപാതം’ എന്നാണ് ഇതിനെ കാതി ഹോചല്‍ വിശേഷിപ്പിച്ചത്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചില പട്ടണങ്ങളില്‍ ഒരോ രാത്രി കഴിയുമ്പോഴേക്കും 30 മുതല്‍ 40 ഇഞ്ച് (0.75 മുതല്‍ 1 മീറ്റര്‍ വരെ) വരെ കനത്തിൽ മഞ്ഞുവീണുകിടക്കുന്നതായി ഹോചല്‍ പറഞ്ഞു.
ഏകദേശം 6 അടി ഉയരമുള്ള ഒരു വലിയ മഞ്ഞ് കൂമ്പാരത്തിന്റെ ചിത്രങ്ങളും നാഷണല്‍ വെതര്‍ സര്‍വീസ് ബഫല്ലോയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളെയാണ് മഞ്ഞുമൂടിയ കാറുകളില്‍ നിന്നും വൈദ്യുതി നിലച്ച വീടുകളില്‍ നിന്നുമായി നാഷണല്‍ ഗാര്‍ഡ് അംഗങ്ങളും മറ്റുള്ളവരും
ചേര്‍ന്ന് രക്ഷിച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ബഫല്ലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ 49.2 ഇഞ്ച് (1.25 മീറ്റര്‍) മഞ്ഞുവീഴ്ചയുണ്ടായതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. കൊടും തണുപ്പില്‍ ഏകദേശം 1.7 ദശലക്ഷം ഉപഭോക്താക്കള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് ട്രാക്കര്‍ പവര്‍ ഔട്ട്‌റേജ്. യുഎസ് പറയുന്നു.
റെയില്‍, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറില്‍ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്. ഫ്‌ലോറിഡ, മിയാമി, ടാമ്പ, ഒര്‍ലാന്‍ഡോ, വെസ്റ്റ് പാം ബീച്ച് എന്നിവിടങ്ങളില്‍ 1983 ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ഡിസംബര്‍ ആയിരുന്നു ഇത്.
ദിവസവും രണ്ടായിരത്തിലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ ഭൂരിഭാഗം സര്‍വീസുകളും നിലച്ചു. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ദേശീയപാതകള്‍ പലയിടത്തും അടച്ചു. റെയില്‍ ഗതാഗതം മുടങ്ങിയിട്ട് ആഴ്ചകളായി. അതിശൈത്യം അമേരിക്കയ്ക്ക് പുതുമയല്ലെങ്കിലും രാജ്യമാകെ മരവിച്ചുപോകുന്ന ഇത്ര കടുത്ത അവസ്ഥ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കാനഡയിലും അതിശൈത്യം കാരണം ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.