ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, 2024 ഓഗസ്റ്റ് 5-ന് സബ് ഇൻസ്പെക്ടർ സന്തോഷ് ചൗധരി കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഹബീഗഞ്ച് സ്വദേശിയായ ഹസൻ മെഹ്ദി.
പ്രക്ഷോഭകർ ഹബീഗഞ്ചിലെ ബനിയാചാങ് പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നാണ് സന്തോഷ് ചൗധരി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5-ന് അദ്ദേഹത്തിന്റെ മൃതദേഹം ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, മറ്റ് സ്ഥലങ്ങളിൽ നടന്ന മരണങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പ്രാദേശിക നിവാസികളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.
advertisement
ജനക്കൂട്ടം പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ പോലീസ് വെടിയുതിർക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളയുകയും തീയിടുകയും ചെയ്തു. ഇതോടെ നിരവധി പോലീസുകാർ ഉള്ളിൽ കുടുങ്ങി. ഇതിനിടെ സന്തോഷ് ചൗധരിയെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും തീവച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം മെഹ്ദി ഏറ്റെടുക്കുന്ന വീഡിയോ പിന്നീട് പ്രചരിച്ചിരുന്നു.
