പ്രവർത്തനസജ്ജമായ ബുഷഹർ ആണവനിലയത്തിന് സമീപം ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അരാഗ്‌ചി പറഞ്ഞു. ആണവനിലയത്തിന് തൊട്ടടുത്തുള്ള ഇത്തരം പ്രത്യാഘാതങ്ങൾ റേഡിയോ ആക്ടീവ് പ്രസരണത്തിന് വഴിതെളിക്കുമെന്നും ഇത് സഹിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 750 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ബുഷഹർ ആണവനിലയം റഷ്യയിൽ നിന്നുള്ള കുറഞ്ഞ തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പശ്ചിമേഷ്യയിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിനിടയിൽ ഇറാന്റെ ആണവ പദ്ധതികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ്-ഇസ്രായേൽ സേനകൾ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ ബുഷഹർ ആണവനിലയത്തിന്റെ പരിധിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം നിലയത്തിന്റെ പ്രധാന ഭാഗങ്ങളെ ബാധിച്ചിട്ടില്ലെന്നും എന്നാൽ അനുബന്ധ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. നിലവിൽ വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടിട്ടില്ല.
advertisement
പാലങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇറാനിൽ അവശേഷിക്കുന്നവ കൂടി നശിപ്പിച്ചു തുടങ്ങാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുകയാണെന്ന തരത്തിൽ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പ്രതികരിച്ചിരുന്നു.
