കെനിയയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ യശ്‌വീറിന്റെയും ടാൻസാനിയയിൽ നിന്ന് ബ്രിട്ടനിലെത്തിയ ഉഷയുടെയും മൂത്ത മകന് ചെറുപ്പകാലത്ത് രാഷ്ട്രീയം ഒരു മോഹമേ അല്ലായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഓക്സ്ഫഡിൽ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയായി. അമേരിക്കയിലെ സ്റ്റാൻഡ്ഫഡ് സർവകലാശാലയിലായിരുന്നു എംബിഎ പഠനം. അക്കാലത്താണ് സഹപാഠി അക്ഷതയുമായി അടുപ്പം. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത. 2009ലായിരുന്നു ഇന്ത്യയിൽ വച്ച് ഇരുവരുടെയും വിവാഹം.
Also Read- ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയാകും; മുഖ്യ എതിരാളി പെന്നി മോർഡന്‍റ് പിൻമാറി
advertisement
ഇതിനിടെ ഗോൾഡ്മാൻ സാഷെയിലും ഹെഡ്ജ് ഫണ്ടിലും ജോലി ചെയ്തു. 2015ലാണ് ഉറച്ച ടോറി കോട്ടയായ റിച്ച്മോണ്ടിൽ നിന്ന് പാർലമെന്റിലേക്കുള്ള ആദ്യജയം. ബ്രെക്സിറ്റ് കാലത്ത് ടിവി ഡിബേറ്റുകളിലെ പതിവുമുഖം. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോൺസൺ മത്സരിക്കുമ്പോൾ പ്രചാരണം നയിച്ചത് ഋഷി സുനകായിരുന്നു. കോവിഡ് കാലത്ത് ബ്രിട്ടന്റെ ധനമന്ത്രിയായി. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങളുടെ വിലയിരുത്തൽ.
പാർട്ടി ഗേറ്റ് വിവാദത്തിൽ ബോറിസ് ജോൺസൺ ആരോപണവിധേയനായപ്പോൾ ഋഷി സുനകും പാക് വംശജനായ സാജിദ് ജാവിദും രാജിവച്ചിറങ്ങി. ഈ സമ്മർദങ്ങൾക്കൊടുവിലായിരുന്നു ബോറിസ് ജോൺസന്റെ രാജിയും. പിന്നെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ. എംപിമാർ വോട്ട് ചെയ്യുന്ന ആദ്യഘട്ടങ്ങളിൽ ഋഷി ബഹുദൂരം മുന്നിൽ. ജീവിത പങ്കാളി ഇന്ത്യൻ വംശജയാണെന്നും അതിസമ്പന്നനാണെന്നും പ്രചാരണമുണ്ടായപ്പോഴും ഋഷിക്ക് പിന്തുണ നഷ്ടമായില്ല. ടോറികൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ലിസ് ട്രസ് ഋഷിയെ മറികടന്നത്.
Also Read- ബോറിസ് ജോൺസൻ പുറത്ത്; ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ
സമീപകാലത്ത് സമാനതകളില്ലാത്ത വെല്ലുവിളികളുടെ കാലത്താണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. സാമ്പത്തിക-ഊര്‍ജപ്രതിസന്ധിയില്‍ രാജ്യത്തെ കൈ പിടിച്ചുര്‍ത്തുകയെന്ന ദൗത്യമാണ് ഋഷി സുനകിന് മുന്നിലുള്ളത്.
രാഷ്ട്രീയരംഗത്തെ പരിചയം ഒരു പതിറ്റാണ്ടുപോലുമില്ലാതെയാണ് ഈ നാൽപ്പത്തിരണ്ടുകാരനായ ഋഷി സുനക് ബ്രിട്ടന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അമരത്ത് എത്തുന്നത്. നികുതി ഇളവുകള്‍ നല്‍കാതെയും, കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കൂട്ടിയും സാമ്പത്തികരംഗത്തെ പിടിച്ചുനിര്‍ത്താമെന്നാണ് ഋഷിയുടെ പക്ഷം. അതിന് വിപരീത നയം സ്വീകരിച്ചതാണ് ലിസ് ട്രസിന് തിരിച്ചടിയായത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ വിരുദ്ധ നയം സ്വീകരിച്ചതുമൂലമുള്ള ഊര്‍ജപ്രതിസന്ധിയാണ് മറ്റൊരു വെല്ലുവിളി. നാല്‍പത് വര്‍ഷത്തിനിടെയുള്ള വലിയ ഊര്‍ജപ്രതിസന്ധിയാണിപ്പോള്‍. എണ്‍പത് ശതമാനത്തോളമാണ് ഊര്‍ജ്ജബില്ലിലെ വര്‍ധന. വെല്ലുവിളികളെ നേരിടാന്‍ ഋഷിയുടെ ടീമില്‍ ആരെല്ലാമെന്ന ചര്‍ച്ചകളും സജീവം. ധനമന്ത്രി സ്ഥാനത്ത് ജെറമി ഹണ്ട് തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തും മുന്‍ ധനമന്ത്രിയുമായ സാജിദ് ജാവിദ്, പെന്നി മോര്‍ഡന്റ്, കെമി ബാഡനോക് എന്നിവരും ടീം റിഷിയുടെ ഭാഗമായേക്കും.