ഐക്യരാഷ്ട്ര സംഘടനയുടെ 15 അംഗ രക്ഷാസമിതിയില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിന് ചൈന വീണ്ടും തടസം നിന്നത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കൊണ്ടുവന്നത്. ഇന്നലെ രാത്രി വൈകിയായിരുന്നു വോട്ടെടുപ്പ്. മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈന പറയുന്നത്.
advertisement
മുൻപ് മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് സുവാൻയു പാകിസ്ഥാൻ സന്ദർശിച്ച് പ്രസിഡന്‍റ് ഇമ്രാൻ ഖാനെയും സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയെയും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. സുരക്ഷാ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളോടും മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. അതിർത്തിയ്ക്കപ്പുറം ജയ്ഷ് ഇ മുഹമ്മദ് ഭീകരപരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യയിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.
2001ൽ ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ട ശേഷം പാകിസ്ഥാനിൽ നിരോധനം നേരിട്ട ജയ്‌ഷ് ഇ മുഹമ്മദാണ്, പിന്നീടങ്ങോട്ട് ഉറിയിലും പത്താൻകോട്ടിലും സൈനികക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളും ഏറ്റവും ഒടുവിൽ പുൽവാമ ഭീകരാക്രമണവും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. അമേരിക്കയും, യുകെയും ഫ്രാൻസും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമാണ്.