ഇറാനിയൻ വാർത്താ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് സെജ്‌ജിൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇറാൻ പ്രയോഗിച്ചത്. ലിക്വിഡ് ഫ്യൂവൽ ഉപയോഗിക്കുന്ന മിസൈലുകൾ തയ്യാറാക്കാൻ മണിക്കൂറുകൾ എടുക്കുമെന്നിരിക്കെ, മിനിറ്റുകൾക്കുള്ളിൽ വിക്ഷേപിക്കാവുന്ന സോളിഡ് ഫ്യൂവൽ (ഖര ഇന്ധനം) മിസൈലായ സെജ്‌ജിലിന്റെ പ്രയോഗം യുദ്ധം കൂടുതൽ കടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
എന്താണ് സെജ്‌ജിൽ മിസൈൽ?
സജ്ജിൽ, അഷൂറ എന്നീ പേരുകളിലും അറിയപ്പെടുന്ന സെജ്‌ജിൽ, ഇറാൻ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത രണ്ട് ഘട്ടങ്ങളുള്ള ബാലിസ്റ്റിക് മിസൈലാണ്. ഖര ഇന്ധനമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിഭാഗത്തിൽപ്പെടുന്നു.
advertisement
ഏകദേശം 700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ലിക്വിഡ് ഫ്യൂവൽ മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വിക്ഷേപിക്കാൻ സാധിക്കുമെന്നതിനാൽ ശത്രുക്കൾക്ക് ഇത് കണ്ടെത്താനോ തകർക്കാനോ ഉള്ള സമയം കുറവായിരിക്കും.
ഉയരത്തിൽ വെച്ച് ദിശ മാറാനും പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും കഴിയുന്നതിനാലാണ് ഇതിന് 'ഡാൻസിങ് മിസൈൽ' എന്ന പേര് ലഭിച്ചത്. ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള ഈ മിസൈലിന് 23,600 കിലോഗ്രാം ഭാരമുണ്ട്. 1990കളിൽ നിർമാണം ആരംഭിച്ച ഈ മിസൈലിന്റെ ആദ്യ പരീക്ഷണം 2008ലാണ് നടന്നത്.
യുദ്ധം മൂന്നാം വാരത്തിൽ
ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുദ്ധം രൂക്ഷമായത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തി.
റിപ്പോർട്ടുകൾ പ്രകാരം യുദ്ധത്തിൽ ഇതുവരെ 2,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും ഇറാനിലാണ്. ഇറാാനിലെ 15,000ത്തോളം ലക്ഷ്യസ്ഥാനങ്ങൾ തങ്ങൾ തകർത്തതായി പെന്റഗൺ അവകാശപ്പെട്ടു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏകദേശം 2,500 മറീനുകളുമായി യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി മേഖലയിൽ വിന്യസിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Summary: In a significant escalation of the West Asia conflict, Tehran has reportedly launched its domestically developed Sejjil ballistic missile against Israeli and U.S.-linked positions. This marks the first operational use of the weapon since the current hostilities broke out on February 28.
