ഡിമോര്‍ഫസ് എന്ന മൂണ്‍ലൈറ്റ് ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ച് കയറ്റുകയാണ് ചെയ്തത്. ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് അല്ലെങ്കിൽ ഡാർട്ട് മിഷൻ എന്നാണ് നാസ ഇതിനെ പേരിട്ട് വിളിക്കുന്നത്. മിഷന്റെ മുഴുവൻ പ്രക്രിയയും ലൈവായി തന്നെ നാസ സ്ട്രീം ചെയ്തിരുന്നു. 160 മീറ്റർ വലിപ്പമുള്ള ഒരു ഛിന്നഗ്രഹമാണ് ഡിമോർഫോസ്. വലിപ്പം വെച്ച് ഇതിനെ ഈജിപ്ഷ്യൻ പിരമിഡിനോട് താരതമ്യപ്പെടുത്താൻ സാധിക്കും.
അരമൈൽ വലിപ്പമുള്ള ഇതിന്റെ വലിയ ഛിന്നഗൃഹമായ ഡിഡിമോസിനെയാണ് ഡിമോർഫോസ് വലം വെക്കുന്നത്. കൂട്ടിയിടിക്ക് മുമ്പ് അതിന്റെ വെളിച്ചം കാണാൻ സാധിച്ചതായും നാസ വ്യക്തമാക്കി. അവസാന മണിക്കൂറിൽ ഏകദേശം 14,500 മൈൽ (23,500 കിലോമീറ്റർ) വേഗതയിലാണ് ഡാർട്ട് പേടകം ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി കുതിച്ചത്. മുട്ട പോലെയുള്ള ആകൃതിയാണ് ഡിമോര്‍ഫസിനുള്ളത്.
പേടകം ഛിന്നഗ്രഹത്തിൽ ഇടിക്കുന്നതിന്റെ അവസാന ദൃശ്യം ലഭിച്ചത് നാസയിലെ എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും വലിയ ആവേശത്തോടെയാണ് ആഘോഷിച്ചത്. ഇരട്ട ഛിന്നഗ്രഹങ്ങൾ സാധാരണഗതിയിൽ ഭൂമിക്ക് വലിയ ഭീഷണി ഉയർത്താറില്ല. എന്നാൽ പരീക്ഷണമെന്ന നിലയിലാണ് നാസ ഈ മിഷൻ നടത്തിയത്. ഡാർട്ട് മിഷൻ വിജയിച്ചതോടെ സമാനമായ മിഷൻ വിജയിപ്പിക്കാമെന്ന ആത്മവിശ്വാസം ഇപ്പോൾ നാസയ്ക്ക് ഉണ്ടായിട്ടുണ്ട്.
സയൻസ് ഫിക്ഷൻ സിനിമകളിൽ ആളുകൾ കണ്ടിരുന്ന കാര്യം ഇപ്പോൾ യാഥാർഥ്യമാക്കാൻ സാധിച്ചിരിക്കുകയാണ്. “അർമഗെദ്ദോൻ”, “ഡോണ്ട് ലുക്ക് അപ്പ്” തുടങ്ങിയ സിനിമകളിൽ ഇത് കാണിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ ശാസ്ത്രജ്ഞൻമാർക്ക് വലിയ ആവേശവും അഭിമാനവും പകരുന്നതാണ് ഈ മിഷന്റെ വിജയം. മൂന്ന് ഡസനിലധികം ഗ്രൗണ്ട് ടെലിസ്‌കോപ്പുകളും ഒപ്റ്റിക്കൽ റേഡിയോയും റഡാറുകളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് മിഷൻ സാധ്യമായത്. അടുത്തിടെ വിക്ഷേപിച്ച ജെയിംസ് വെബ്ബ് അടക്കമുള്ള ബഹിരാകാശ ദൂരദർശിനിയും ഭൂമിയിലും ബഹിരാകാശത്തുമുള്ള നിരവധി ദൂരദർശിനികളും മിഷന്റെ ഭാഗമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് നാസ വ്യക്തമാക്കി.
Also Read- അഞ്ച് പതിറ്റാണ്ട് നീണ്ട ബഹിരാകാശ ദൗത്യങ്ങൾ ചൊവ്വയിൽ അവശേഷിപ്പിച്ചത് 7000 കിലോ മാലിന്യം
സൗരയൂഥത്തിലെ കോടിക്കണക്കിന് ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലും വളരെ കുറച്ച് മാത്രമേ ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയുള്ളൂ. വരുന്ന നൂറ് വർഷത്തിനിടയിൽ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് ഭീഷണിയായി വരാനുള്ള സാധ്യതയും വളരെ കുറവാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാൽ ഏറെക്കാലം കഴിഞ്ഞാൽ അതിന് സാധ്യതയുണ്ട്. അതിനാൽ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണം ഇപ്പോൾ നാസ നടത്തിയിട്ടുള്ളത്. എന്നാൽ ഭൂമിക്ക് നേരെ വർഷങ്ങൾക്ക് മുമ്പ് ഛിന്നഗൃഹങ്ങളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ചിക്‌സുലുബ് ഛിന്നഗ്രഹം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ചിരുന്നു. ലോകത്തെ ഒരു നീണ്ട ശൈത്യകാലത്തേക്ക് ഇത് തള്ളിവിട്ടു. ദിനോസറുകളുടെ വംശനാശത്തിലേക്ക് നയിച്ചത് ഈ ഛിന്നഗ്രഹത്തിന്റെ പതനമായിരുന്നുവെന്നാണ് കരുതുന്നത്.