രാജ്യത്തെ നടുക്കിയ സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ദിനം എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെ വിശേഷിപ്പിച്ചത്. ആൾക്കൂട്ട ആക്രമണത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദിയാവദനഗെയെ ജോലിസ്ഥലത്ത് നിന്ന് പിടിച്ചിറക്കിയ ശേഷമാണ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്.
കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കുന്നത് വരെ മർദ്ദനം തുടരുകയായിരുന്നു. പിന്നീട് ശരീരം പരസ്യമായി കത്തിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് നിരവധി പേർ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതമായ ആക്രമണമാണ് തൻെറ ഭർത്താവിന് നേരെ ഉണ്ടായതെന്ന് വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം ദിയാവദനഗെയുടെ ഭാര്യ നിലുഷി ദിസ്സനായക പ്രതികരിച്ചു.
advertisement
ആൾക്കൂട്ട ആക്രമണത്തിലേക്ക് നയിച്ച സംഭവം
പ്രവാചകൻ മുഹമ്മദ് നബിയുടെ പേരിലുള്ള പോസ്റ്ററുകൾ വലിച്ചുകീറിയെന്നാരോപിച്ചാണ് ശ്രീലങ്കൻ പൗരന് നേരെ ആൾക്കൂട്ട ആക്രമണമുണ്ടായത്. കേട്ടപാതി കേൾക്കാത്ത പാതി ആളുകൾ നിയമം കയ്യിലെടുക്കുകയായിരുന്നു. കെട്ടിടം വൃത്തിയാക്കുന്നതിൻെറ ഭാഗമായി ഈ പോസ്റ്ററുകൾ മാറ്റുക മാത്രമാണ് ദിയാവദനഗെ ചെയ്തതെന്ന് അദ്ദേഹത്തിൻെറ സഹപ്രവർത്തകൻ പറഞ്ഞു. ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഇദ്ദേഹം ശ്രമിച്ചുവെങ്കിലും ആരും കേൾക്കാൻ തയ്യാറായിരുന്നില്ല.
നൂറുകണക്കിന് പേർ ചേർന്ന് നടത്തിയ ഈ ആൾക്കൂട്ട കൊലപാതകം രാജ്യത്തെ നടുക്കുന്നതായിരുന്നു. വലിയ പ്രതിഷേധം ഉയർന്ന് വരികയും ചെയ്തു. ഇസ്ലാമിനെ നിന്ദിക്കുന്നത് പാകിസ്ഥാനിൽ നിയമപരമായി വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. രാജ്യത്തെ മതനിന്ദ നിയമപ്രകാരം മതപരമായ സമ്മേളനത്തെ തടസ്സപ്പെടുത്തുന്നതും ശ്മശാന സ്ഥലങ്ങളിൽ അതിക്രമിച്ച് കയറുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മതവിശ്വാസങ്ങളെ അപമാനിക്കുന്നതും ആരാധനാലയത്തെ ഏതെങ്കിലും തരത്തിൽ നശിപ്പിക്കുന്നതുമെല്ലാം ദൈവനിന്ദയായി കണക്കാക്കും.
Also Read- Sweden | സ്വീഡൻ കലാപം: കുടിയേറ്റക്കാരെ അകറ്റി നിർത്തേണ്ടതുണ്ടോ? സമാനസംഭവങ്ങൾ സൂചിപ്പിക്കുന്നത്
ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യപ്പെടുന്ന ഇസ്ലാമിക വ്യക്തിത്വങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണ്. വിശുദ്ധ ഗ്രന്ഥമായ ഖുർ-ആനെ അവഹേളിച്ചാൽ ജീവപര്യന്തം വരെ തടവ് ശിക്ഷ വിധിക്കുന്ന ഒരു വകുപ്പ് 1982ൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചാൽ വധശിക്ഷയോ ജീവപര്യന്തമോ വരെ നൽകാവുന്ന വകുപ്പും 1986ൽ കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തുന്നത് കൂടിവരികയാണെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ നിരന്തരം ഉന്നയിക്കുന്ന കാര്യമാണ്.