സാധാരണയായി ജീവനക്കാർ ഉള്ളടക്കം പൂർണ്ണമായി പരിശോധിച്ച ശേഷമാണ് പോസ്റ്റ് ചെയ്യുന്നത്. വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകളെക്കുറിച്ച് പറയുന്ന തുടക്കഭാഗം കണ്ടപ്പോൾ അത് കൈമാറിയതാണെന്നും ബാക്കി കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതിയെന്നും ട്രംപ് പറഞ്ഞു. താൻ പ്രതിദിനം ആയിരക്കണക്കിന് കാര്യങ്ങൾ നോക്കാറുണ്ടെന്നും ഇതിൽ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നും ട്രംപ് പറഞ്ഞു.
വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പിന്നീട് നീക്കം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രി വൈകി അപ്‌ലോഡ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏകദേശം 12 മണിക്കൂറോളം ഓൺലൈനിൽ ഉണ്ടായിരുന്നു. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ എഡിറ്റ് ചെയ്ത് ചേർത്ത എഐ വീഡിയോയിൽ 2020-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെളിവില്ലാത്ത ആരോപണങ്ങളും ആവർത്തിച്ചിരുന്നു. 'ദ ലയൺ സ്ലീപ്‌സ് ടുനൈറ്റ്' എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പ്രചരിച്ചത്. ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ വീഡിയോ നീക്കം ചെയ്തെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു.
advertisement
തുടക്കത്തിൽ ഇതൊരു സാധാരണ 'ഇന്റർനെറ്റ് മീം വീഡിയോ' ആണെന്നാണ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്. എന്നാൽ ഇരുപാർട്ടികളിലെയും ജനപ്രതിനിധികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതോടെ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏക കറുത്തവർഗ്ഗക്കാരനായ സെനറ്റർ ടിം സ്കോട്ട് ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. വീഡിയോ അങ്ങേയറ്റം വംശീയമായ ഒന്നാണെന്നും വൈറ്റ് ഹൗസിൽ നിന്ന് ഇത്തരമൊന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
