നഗരത്തിൽ വൃത്തിയാക്കാതെ കിടക്കുന്ന നായ്ക്കളുടെ കാഷ്ഠങ്ങളിൽ നിന്ന് സാമ്പിളുകൾ എടുത്ത് ഉടമകളെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. വൃത്തിയാക്കാത്തവർ 120 യൂറോ പിഴയായി അടക്കേണ്ടി വരും.
”ചില ആളുകൾ അവരുടെ വളർത്തു മൃഗങ്ങളുടെ അവശിഷ്ടങ്ങൾ വൃത്തിയാക്കാത്തതിൽ ഞാൻ ഒട്ടും തൃപ്തനല്ല. ഞങ്ങൾ ഒരു കണക്കെടുപ്പ് നടത്തിയിരുന്നു. നഗര മധ്യത്തിൽ മാത്രം ഇത്തരത്തിൽ ആയിരത്തോളം കാഷ്ഠങ്ങളാണ് കിടന്നിരുന്നത്. ഈ പ്രവണത ശരിയല്ല”, മേയർ റോബർട്ട് മെനാർഡ് പ്രാദേശിക റേഡിയോ നെറ്റ്‍വർക്ക് ആയ ഫ്രാൻസ് ബ്ലൂവിനോട് പറഞ്ഞു.
advertisement
“പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഞങ്ങൾ കരുതി, പക്ഷേ പോലീസ് ഓഫീസറെ കാണുമ്പോൾ മാത്രമാണ് പലരും വൃത്തിയാക്കുന്നത്. ചുറ്റും ആരുമില്ലാത്തപ്പോൾ പലരും ഇത് സ്വമേധയാ ചെയ്യുന്നില്ല,” റോബർട്ട് മെനാർഡ് കൂട്ടിച്ചേർത്തു. നായകൾക്ക് ഡിഎൻഎ പരിശോധന അവതരിപ്പിക്കാൻ 2016 മുതൽ അദ്ദേഹം ശ്രമങ്ങൾ നടത്തിവരികയായിരുന്നു. എങ്കിലും നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
അടുത്ത രണ്ട് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. കാളപ്പോരിന് പേരു കേട്ട നഗരം കൂടിയാണ് ബെസിയേഴ്‌സ്. ഇവിടെയുള്ള വളർത്തു നായ്ക്കളുടെ ഉടമകൾ ഡിഎൻഎ പരിശോധന നടത്തിയതായി തെളിയിക്കേണ്ടതുണ്ട്. ഈ രേഖ ഹാജരാക്കാത്തവർക്ക് 38 യൂറോ പിഴ ചുമത്താനും പോലീസിന് അധികാരമുണ്ട്. മൂന്ന് മാസത്തേക്ക് 120-യൂറോ എന്ന ക്ലീനിംഗ് ഫീസ് നടപ്പിലാക്കില്ല. പതിയെപ്പതിയെ ആയിരിക്കും നിയമം കർശനമാക്കുക എന്നും റോബർട്ട് മെനാർഡ് അറിയിച്ചു.
”എന്റെ നായ്ക്കളുടെ വിസർജ്യങ്ങൾ വൃത്തിയാക്കേണ്ടത് മുനിസിപ്പൽ തൊഴിലാളികളാണെന്നാണ് ചിലർ പറയുന്നത്. അവരൊക്കെ ഒരു പാഠം പഠിക്കും”, റോബർട്ട് മെനാർഡ് പറഞ്ഞു. പ്രതിവർഷം 80,000 യൂറോയാണ് നായ്ക്കളുടെ മലം വൃത്തിയാക്കാൻ തങ്ങൾക്ക് ചെലവാകുന്നതെന്നും ബെസിയേഴ്സിലെ മേയറുടെ ഓഫീസ് അറിയിച്ചു.
ഇസ്രായേലിലെ ടെൽ അവീവ്, സ്പെയിനിലെ വലൻസിയ, ലണ്ടനിലെ ചില പ്രദേശങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിൽ നായ്ക്കൾക്കായി മുൻപ് ഡിഎൻഎ പരിശോധന അവതരിപ്പിച്ചിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലും മറ്റു ചില സ്ഥലങ്ങളിലും ചില സ്വകാര്യ റെസിഡൻഷ്യൽ കോമ്പൗണ്ടുകളുടെ ഉടമകൾ താമസക്കാർക്കായി ഈ നിയമം അവതരിപ്പിച്ചിരുന്നു. സാധാരണയായി മൃഗഡോക്ടർമാർ നായ്ക്കളുടെ ഉമിനീരിൽ നിന്നും സാമ്പിൾ ശേഖരിച്ചാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.