ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്തേക്ക് എത്തി. ഇന്ധനവില വർദ്ധനവ് ഉപഭോക്താക്കളെയും സാമ്പത്തിക വിപണികളെയും ഒരുപോലെ ഉലയ്ക്കുന്ന സാഹചര്യമാണ്. നിലവിൽ യുദ്ധം നിയന്ത്രിക്കാൻ വാഷിംഗ്ടണിന് മേൽ വലിയ അന്താരാഷ്ട്ര സമ്മർദ്ദമുണ്ട്. ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് പല ഊർജ്ജ ഉൽപ്പാദകരും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഏറ്റെടുത്തതോടെ പാത ഏതാണ്ട് പൂർണ്ണമായും അടഞ്ഞ നിലയിലാണ്. ഇറാൻ കടലിടുക്കിൽ മൈനുകൾ പാകുന്നതായി രഹസ്യാന്വേഷണ വിവരമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരെ മുമ്പ് കണ്ടിട്ടില്ലാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഇറാനു മുന്നറിയിപ്പ് നൽകി.
advertisement
അതേസമയം, യുദ്ധം ഉടൻ തീരുമെന്ന് ട്രംപ് പറയുമ്പോഴും ലക്ഷ്യങ്ങൾ പൂർത്തിയാകാതെ പിന്നോട്ടില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. സമയപരിധിയുമില്ലാതെ നിർണ്ണായക വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനെ ഇരുപത് മടങ്ങ് ശക്തിയിൽ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ പിന്മാറ്റ സൂചന സാമ്പത്തിക സമ്മർദ്ദം മൂലമാണെന്നാണ് വിലയിരുത്തൽ.
സമാധാന നീക്കങ്ങൾക്കിടയിലും കടലിൽ ആക്രമണങ്ങൾ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ തായ് ചരക്കുകപ്പലിന് നേരെയും യുഎഇ തീരത്ത് മറ്റൊരു കണ്ടെയ്നർ കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഖത്തർ പ്രകൃതിവാതക ഉൽപ്പാദനം നിർത്തിവെച്ചതും ബഹ്‌റൈൻ എണ്ണക്കയറ്റുമതിയിൽ പ്രതിസന്ധി നേരിടുന്നതും ആഗോള ഊർജ്ജ മേഖലയെ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
