24 കാരനായ ഹാദി മത്താറിനെയും സൽമാൻ റഷ്ദിക്കെതിരായ ആക്രമണത്തെയും കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങൾ ഇതാ
1. ഹാദി മത്താറിന് പ്രഭാഷണത്തിൽ പങ്കെടുക്കാൻ പാസ് ഉണ്ടായിരുന്നു. മാൻഹട്ടനിൽ നിന്ന് ഹഡ്‌സൺ നദി കഴിഞ്ഞാലുള്ള ഫെയർവ്യൂവിലാണ് അക്രമിയുടെ ഔദ്യോഗിക വിലാസം.
2. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
3. പ്രാരംഭ ഘട്ടത്തിലുള്ള അന്വേഷണത്തിന് എഫ്ബിഐ സഹായം നൽകുന്നുണ്ടെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
advertisement
4. റഷ്ദിയുടെ കൊലപാതകത്തിന് ആഹ്വാനം ചെയ്ത ഇറാൻ സർക്കാരിനോട് ഹാദി മത്താറിന് അനുഭാവമുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ട്. 1989ൽ സൽമാൻ റഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ഇറാനിയൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനിയുടെ ചിത്രമാണ് ഫേസ്ബുക്ക് അക്കൗണ്ടിലുള്ളതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
5. എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, ഇറാനെയും അതിന്റെ റെവല്യൂഷണറി ഗാർഡിനെയും പിന്തുണച്ചും ഷിയാ നിലപാടുകളെ പിന്തുണച്ചും ഹാദി മത്താർ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചെയ്തിരുന്നു.
6. ഹാദി മത്താർ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിച്ചിരുന്നതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
7. റഷ്ദി വിവാദ നായകനായതിനാൽ അക്രമി സ്റ്റേജിലേക്ക് ചാടിക്കയറിയപ്പോൾ ഇതു വെറും പ്രകടനമായിരിക്കും എന്നാണ് തങ്ങൾ കരുതിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ കുറച്ച് നിമിഷങ്ങൾക്ക് ശേഷമാണ് ചിത്രം വ്യക്തമായത്. ആക്രമണം ഏകദേശം 20 സെക്കൻഡ് നീണ്ടുനിന്നു.
8. സൽമാൻ റഷ്ദിയെ സ്റ്റേജിൽവെച്ച് 10 മുതൽ 15 തവണ വരെ കുത്തിയെന്നാണ് പരിപാടിയിലുണ്ടായിരുന്ന എപി വാർത്താ ഏജൻസിയുടെ ഒരു റിപ്പോർട്ടർ പറയുന്നത്.
9. ചടങ്ങളിൽ മോഡറേറ്ററായിരുന്ന ഹെൻറി റീസിനും ആക്രമണത്തിൽ തലയ്ക്ക് ചെറിയ പരിക്കേറ്റു. പ്രവാസത്തിൽ കഴിയുന്ന കലാകാരന്മാരുടെ അഭയകേന്ദ്രമായ അമേരിക്കയെ കുറിച്ച് റഷ്ദിയുമായി റീസ് ചർച്ച ചെയ്യാനിരിക്കെയായിരുന്നു അക്രമം.
Also Read- എഴുത്തുകാരൻ സൽമാൻ റഷ്ദി അമേരിക്കയിൽ ആക്രമിക്കപ്പെട്ടു; അക്രമി പിടിയിൽ
10. ആക്രമണത്തിന് ശേഷം, സൽമാൻ റഷ്ദിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം വെന്റിലേറ്ററിലാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കരൾ കുത്തേറ്റ് തകരാറിലാവുകയും കൈയിലെ ഞരമ്പുകൾ മുറിയുകയും ചെയ്തു.
