തീർത്തും അപ്രതീക്ഷിതമായി ഇന്നലെ രാവിലെ മുതൽ ഹമാസ് നടത്തിയ ആക്രമണത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ, യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ, നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേർ കൊല്ലപ്പെട്ടതായും 1790 പേര്‍ക്ക് പരിക്കേറ്റുതായുമാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ. പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇന്നലെ രാവിലെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസിന്റെ അവകാശവാദം. 35 ഇസ്രായേൽ സൈനികരെ ബന്ദികളാക്കിയതായും ഹമാസ് അവകാശപ്പെട്ടിരുന്നു.
ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
ഗാസ അതിർത്തിയിൽ ആഴ്ചകളോളം തുടർന്ന പ്രതിഷേധം പെട്ടെന്ന് യുദ്ധത്തിലേക്ക് മാറുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ ഇസ്രായേലിനെതിരെ വൻ ആക്രമണങ്ങളാണ് ഹമാസ് നടത്തുന്നതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.