വെനിസ്വേലയ്‌ക്കെതിരെ അമേരിക്ക വലിയ തോതിലുള്ള ആക്രമണം നടത്തിയെന്നും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി എന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നും കൂടുതൽ വിവരങ്ങൾ പ്രാദേശിക സമയം രാവിലെ 11 മണിക്ക് മാർ-എ-ലാഗോയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
advertisement
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 2 മണിയോടെയാണ് വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിന്റെ ചില ഭാഗങ്ങളിൽ താഴ്ന്നു പറക്കുന്ന വിമാനങ്ങളുടെ ശബ്ദത്തോടൊപ്പം വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി വിവിധ മാധ്യമ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ സ്ഥിരീകരണം വന്നത്.
ആക്രമണം ഇന്ധന, സ്വർണം വിലയെ ബാധിക്കുന്നതെങ്ങനെ
വെനസ്വേലയ്ക്കെതിരെയുള്ള അമേരിക്കൻ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി എന്നിവയുടെ വിലയിൽ വലിയ വർദ്ധനവോടെയുള്ള വിപണി ഉണർവ് (gap-up opening ഒരു സ്റ്റോക്കിന്റെ പ്രാരംഭ വില അതിന്റെ മുൻ ട്രേഡിങ്ങ് സെഷന്റെ ക്ലോസിംഗ് വിലയേക്കാൾ കൂടുതലാകുന്ന സാഹചര്യം) ഉണ്ടാകുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ വെനസ്വേലയുടെ സമ്പദ്‌വ്യവസ്ഥ അത്ര വലുതല്ലാത്തതിനാൽ ഈ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ കാര്യമായി ബാധിക്കില്ലെന്നും വിപണി സുസ്ഥിരമായി തുടരുമെന്നുമാണ് അവർ വ്യക്തമാക്കുന്നു.
സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ, മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിൽ ഗ്യാപ് അപ്പ് ഓപ്പണിംഗ് പ്രതീക്ഷിക്കുന്നതായി 'യാ വെൽത്ത്' ഡയറക്ടർ അനുജ് ഗുപ്ത പറഞ്ഞു. വെനസ്വേലയ്ക്ക് നേരെയുള്ള യുഎസ് ആക്രമണം ആ മേഖലയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും ഇത് വിപണിയിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. അതിനാൽ സ്വർണം, വെള്ളി, ചെമ്പ്, ക്രൂഡ് ഓയിൽ, ഗ്യാസോലിൻ തുടങ്ങിയവയുടെ വിലയിൽ തുടക്കത്തിൽ വർദ്ധനവ് ഉണ്ടായേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ വെള്ളി കയറ്റുമതിക്കാരായ പെറുവും ചാഡും തങ്ങളുടെ കയറ്റുമതിക്കായി ഉപയോഗിക്കുന്ന സമുദ്രപാത അമേരിക്ക-വെനസ്വേല പ്രതിസന്ധി മൂലം അപകടത്തിലായിരിക്കുകയാണെന്നും, ഇത് വിപണിയിൽ പ്രതിഫലിക്കുമെന്നും ബസവ് കാപ്പിറ്റൽ സഹസ്ഥാപകൻ സന്ദീപ് പാണ്ഡെ പറയുന്നു. തിങ്കളാഴ്ച സ്വർണ്ണവിലയിലും വർദ്ധനവുണ്ടാകുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. എന്നാൽ ഇന്ത്യൻ ഓഹരി വിപണി സുസ്ഥിരമായി തുടരാനാണ് സാധ്യതയെന്നും ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർദ്ധനവ് കാരണം ഓയിൽ ഓഹരികളിൽ നേരിയ ഇടിവ് ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
