വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ എന്നിവ ഒഴിവാക്കണമെന്നും എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
"ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ എവിടെയാണോ അവിടെത്തന്നെ തുടരണം. വൈദ്യുത-സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ എന്നിവ ഒഴിവാക്കണം. വീടിനുള്ളിൽ തന്നെ കഴിയുകയും ഹൈവേകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കി എംബസിയുമായി കൃത്യമായി ആശയവിനിമയം നടത്തുകയും വേണം," നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28 മുതൽ ഇറാനുനേരെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതോടെ പശ്ചിമേഷ്യയിൽ സംഘർഷം കടുത്തിരിക്കുകയാണ്. ഫെബ്രുവരി 28-ന് ശേഷം പശ്ചിമേഷ്യയിൽ നിന്ന് ഏകദേശം 6.49 ലക്ഷം യാത്രക്കാർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
advertisement
നിലവിലെ സാഹചര്യത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാരെ പശ്ചിമേഷ്യയിൽ നിന്ന് തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കിയതായി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇതുവരെ 1,862 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് എത്തിക്കാൻ എംബസി സഹായിച്ചതായി അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ മഹാജൻ പറഞ്ഞു. ഇതിൽ 935 വിദ്യാർത്ഥികളും 472 മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
ഗൾഫ് മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സംസ്ഥാന സർക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ മന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.
Summary: With the U.S. deadline for Iran approaching, the Indian Embassy in Tehran has issued an urgent advisory for Indian nationals to remain indoors for the next 48 hours. Citizens are warned to stay away from power grids, military sites, and high-rise buildings. The Ministry of External Affairs confirmed that over 6 lakh Indians have already returned from West Asia since February, and efforts continue to evacuate those remaining through neighboring countries like Armenia and Azerbaijan.
