തന്റെ പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒത്തുചേരുന്നത് ആഗോള സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ കരാറോടെ അത് 18 ശതമാനമായി കുറഞ്ഞു. ഇതോടെ ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ മുൻതൂക്കം ലഭിക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന ധാരണയും ഈ കരാറിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
advertisement
അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഈ നേട്ടത്തെ സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പരിധിയില്ലാത്ത സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. . കേന്ദ്ര മന്ത്രിമാരായ എസ്. ജയശങ്കറും പിയൂഷ് ഗോയലും കരാറിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.
