മാസങ്ങൾ നീണ്ട ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ രാഷ്ട്രീയ സ്ഥിരത വീണ്ടെടുക്കുന്നതിൽ നിർണ്ണായകമെന്ന് കരുതപ്പെട്ട പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം. ആകെ മത്സരിച്ച 299 സീറ്റുകളിൽ ബി.എൻ.പിയും സഖ്യകക്ഷികളും കുറഞ്ഞത് 212 സീറ്റുകൾ നേടിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷമായ ജമാഅത്തെ ഇസ്‌ലാമിയും സഖ്യകക്ഷികളും 70 സീറ്റുകൾ നേടി. ഇതോടെ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബി.എൻ.പി ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും ആഘോഷ പ്രകടനങ്ങളോ റാലികളോ സംഘടിപ്പിക്കരുതെന്ന് നിർദ്ദേശിച്ച പാർട്ടി, രാജ്യവ്യാപകമായി പ്രത്യേക പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്തു.
advertisement
2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന പുറത്താക്കപ്പെട്ടതിനെത്തുടർന്നുണ്ടായ വൻ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ശേഷമുള്ള ഈ തിരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശിന്റെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായാണ് കണക്കാക്കുന്നത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചിരുന്നത്.
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ മകനായ താരിഖ് റഹ്മാൻ, 18 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഡിസംബറിലാണ് ധാക്കയിൽ തിരിച്ചെത്തിയത്. അദ്ദേഹം ഉടൻ തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പ് വർഷങ്ങൾക്കിപ്പുറം ബംഗ്ളാദേശിൽ നടന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്.
