മോദിയോടും അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനത്തോടുമുള്ള എതിർപ്പ് അറിയിച്ചുകൊണ്ട് കത്തയച്ചിരുന്ന 75 അമേരിക്കൻ സെനറ്റർമാരിൽ ഒരാളാണ് പ്രമീള ജയപാൽ. മോദി സർക്കാരിനു കീഴിൽ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കയായിരുന്നു പ്രമീള കത്തിൽ സൂചിപ്പിച്ചിരുന്നത്. മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് ബൈഡനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പ്രമീള കൈയടിച്ച് അഭിനന്ദിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ കൂടെ വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. ബിജെപി ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയാണ് ഇത് ശ്രദ്ധിച്ചതും പ്രമീള ജയപാൽ മോദിയെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും.
Also Read-‘എഐ ആണ് ഭാവി’; മോദിയ്ക്ക് ടീഷർട്ട് സമ്മാനിച്ച് ബൈഡൻ
‘ടൂൾക്കിറ്റ് സംഘത്തിന്റെ പ്രധാന നേതാക്കളിലൊരാളായ പ്രമീള ജയപാൽ പ്രധാനമന്ത്രി മോദി അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചുകൊണ്ട് എഴുന്നേറ്റു നിന്ന് ആദരിക്കുന്നു. സ്ഥാപിത താൽപ്പര്യക്കാർ വെറുക്കാൻ മാത്രം ഇഷ്ടപ്പെടുന്ന ഈ മനുഷ്യന്റെ വ്യക്തിപ്രഭാവമാണിത്. പാശ്ചാത്യ ലോകത്തെ വശത്താക്കാനുള്ള തന്റെ ശ്രമം പാഴാകുന്നതു കാണുന്ന പാവം രാഹുൽ ഗാന്ധിയുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കും.’ അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
അമേരിക്കൻ പ്രതിനിധിസഭയുടെ സംയുക്ത സമ്മേളനത്തിൽ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിച്ചത്. റിപ്പബ്ലിക്കൻ സെനറ്റർമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും മികച്ച അഭിനന്ദനമാണ് പ്രസംഗത്തിനു ലഭിച്ചത്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ശക്തമായി നിലനിർത്താനും കൂടുതൽ ആഴമുള്ളതാക്കാനും അമേരിക്കൻ കോൺഗ്രസ് നൽകിയിട്ടുള്ള പിന്തുണയെ മോദി അഭിനന്ദിച്ചിരുന്നു. ഇന്ത്യ കൈവരിച്ചിട്ടുള്ള വികസനത്തെക്കുറിച്ചും ലോകത്തിനു മുന്നിൽ രാജ്യം തുറന്നുവയ്ക്കുന്ന അവസരങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. പ്രസംഗത്തിനിടെ പതിനഞ്ചു പേരാണ് അദ്ദേഹത്തെ എഴുന്നേറ്റു നിന്ന് ആദരിച്ചത്. 79 തവണ സെനറ്റിൽ കൈയടികൾ മുഴങ്ങി. ഓട്ടോഗ്രാഫിനും സെൽഫികൾക്കുമായി അമേരിക്കൻ സെനറ്റർമാർ മോദിയെ സമീപിച്ചതും കൗതുകക്കാഴ്ചയായി.