'എഐ ആണ് ഭാവി'; മോദിയ്ക്ക് ടീഷർട്ട് സമ്മാനിച്ച് ബൈഡൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'അമേരിക്ക & ഇന്ത്യ' എന്നാണ് ടീഷർട്ടിലെ എഐയുടെ പൂർണരൂപം. നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് ശക്തമായി നിലനിർത്തുന്നതിനെ സൂചിപ്പിക്കുന്നതാണ് ടീഷർട്ടിലെ വാക്യങ്ങൾ
നയതന്ത്ര ചർച്ചർക്കായുള്ള കൂടിക്കാഴ്ചയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ടീഷർട്ട് സമ്മാനം നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ‘എഐ ഈസ് ഫ്യൂച്ചർ’ എന്നെഴുതിയ ടീഷർട്ടാണ് ബൈഡൻ മോദിക്ക് സമ്മാനിച്ചത്. ടീ ഷർട്ടിലെ രണ്ടാമത്തെ വരിയായി എഐ യുടെ പൂർണരൂപവും എഴുതിയിട്ടുണ്ട്. നിർമിത ബുദ്ധി എന്നർത്ഥം വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണെന്ന് തോന്നിക്കുമെങ്കിലും, ‘അമേരിക്ക & ഇന്ത്യ’ എന്നാണ് ടീഷർട്ടിലെ എഐയുടെ പൂർണരൂപം. നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് ശക്തമായി നിലനിർത്തുന്നതിനെ സൂചിപ്പിക്കുന്നതാണ് ടീഷർട്ടിലെ വാക്യങ്ങൾ. വൈറ്റ് ഹൗസിൽ വച്ചു നടന്ന ഇന്ത്യ-അമേരിക്ക ഹൈ-ടെക് ഹാൻഡ്‌ഷേക്ക് പരിപാടിയുടെ ഭാഗമായായിരുന്നു സമ്മാനം കൈമാറിയത്.
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മോദി പ്രതിനിധി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി, നിർമിത ബുദ്ധിയുടെ മേഖലയിൽ പല വിധത്തിലുള്ള മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, മറ്റൊരു എഐയിലും വലിയ വികസനങ്ങൾ ഉണ്ടായിട്ടുണ്ട് – അമേരിക്ക & ഇന്ത്യ എന്ന എഐ ആണത്.’ സഭയുടെ സമ്മേളനത്തിൽ സംസാരിക്കവേ മോദി പറഞ്ഞു.
AI is the future, be it Artificial Intelligence or America-India! Our nations are stronger together, our planet is better when we work in collaboration. pic.twitter.com/wTEPJ5mcbo
— Narendra Modi (@narendramodi) June 23, 2023
advertisement
മുൻനിര ബിസിനസ് മേധാവികളും ടെക്‌നോക്രാറ്റുകളും യോഗത്തിൽ സംബന്ധിച്ചിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐയുടെ അമരക്കാരൻ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സൂ, പ്ലാനെറ്റ് ലാബ്‌സ് സിഇഒ വിൽ മാർഷൽ, നാസയിലെ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് എന്നിവരാണ് രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയിൽ പങ്കുചേർന്നത്.
സാങ്കേതിക വിദ്യയുടെ മേഖലയിൽ ഇന്തോ-അമേരിക്കൻ പങ്കാളിത്തം വളർന്നുവരുന്നത് നല്ല മാറ്റമാണെന്നും ഇരു രാഷ്ട്രത്തലവന്മാരും പ്രതികരിച്ചു. കഴിവും സാങ്കേതിക വിദ്യയും ഒന്നിച്ചു ചേരുന്നത് ശോഭനമായ ഭാവിയിലേക്കുള്ള വാഗ്ദാനമാണെന്നായിരുന്നു ഹൈ-ടെക് ഹാൻഡ്‌ഷേക്ക് പരിപാടിയിൽ പ്രധാനമന്ത്രി മോദി നിരീക്ഷിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്കു മാത്രമല്ല, ലോകത്തിനാകെയും സുപ്രധാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
advertisement
‘അടുത്തതായി എന്തു പദ്ധതി മുന്നോട്ടു കൊണ്ടുവരാം എന്നതിൽ മാത്രമല്ല നമ്മുടെ പങ്കാളിത്തം പ്രധാനമാകുന്നത്. കാലാവസ്ഥാ വ്യതിയാനം തടുക്കാനും പ്രപഞ്ചം മുഴുവൻ പര്യവേക്ഷണം നടത്താനും ജനങ്ങളെ പട്ടിണിയിൽ നിന്നും പുറത്തുകൊണ്ടുവരാനും മഹാമാരികൾ തടുക്കാനും പൗരന്മാർക്ക് നല്ല അവസരങ്ങൾ നൽകാനുമെല്ലാമാണ് ഈ പങ്കാളിത്തം ഉപയോഗപ്പെടുക.’ ബൈഡൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 24, 2023 3:44 PM IST