മാർച്ച് ആദ്യവാരം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുദ്ധമുറിയിൽ ഇരിക്കുന്ന മുജ്തബയുടെ വീഡിയോ അടുത്തിടെ ഇറാൻ പുറത്തുവിട്ടിരുന്നെങ്കിലും അത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ അംബാസഡർ മുജ്തബ ഇറാനിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പുറത്തുവരാത്തത് ആരോഗ്യനില മോശമായതിനാലാണെന്നാണ് വിലയിരുത്തൽ.
യുദ്ധത്തിന്റെ ആദ്യദിനം പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിൽ മുജ്തബയുടെ മാതാവും ഭാര്യ സഹ്‌റ ഹദ്ദാദും ഒരു മകനും കൊല്ലപ്പെട്ടിരുന്നതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് ഏറ്റ പരിക്കുകൾ വഷളായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.
advertisement
മുൻ നേതാവ് അലി ഖമനയിയുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ഖ്വാമിൽ നടക്കുന്നതായും റിപ്പോർട്ടിലുണ്ട്. അവിടെ നിർമ്മിക്കുന്ന കൂറ്റൻ സ്മാരകത്തിൽ ഒന്നിലധികം കല്ലറകൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇത് മുജ്തബയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും കൂടി സംസ്കാരത്തിനുള്ള മുൻകരുതലാണോ എന്ന സംശയം ഇന്റലിജൻസ് ഏജൻസികൾ പ്രകടിപ്പിക്കുന്നു. ശവസംസ്കാര ചടങ്ങുകൾക്കിടെ ജനകീയ പ്രക്ഷോഭങ്ങളോ അക്രമങ്ങളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ രഹസ്യമായാണ് നീക്കങ്ങൾ നടക്കുന്നത്. പരമോന്നത നേതാവ് അബോധാവസ്ഥയിലായതോടെ ഇറാന്റെ കമാൻഡ് സ്ട്രക്ചർ തകരാറിലായതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റവല്യൂഷണറി ഗാർഡ്‌സും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രീകൃത നേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
