പെസെഷ്കിയാന്റെ മാപ്പപേക്ഷയുടെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുത്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ സമ്മർദ്ദം കാരണമാണ് ഇറാൻ അയൽരാജ്യങ്ങളോട് മാപ്പ് ചോദിച്ചതെന്നും അവർക്ക് മുന്നിൽ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. നരകതുല്യമായ പ്രഹരം ഏൽക്കുന്ന ഇറാൻ, ഇനി മേലിൽ അയൽരാജ്യങ്ങൾക്ക് നേരെ വെടിയുതിർക്കില്ലെന്ന് വാഗ്ദാനം ചെയ്തതായും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് കീഴടക്കി ഭരിക്കാൻ ലക്ഷ്യമിട്ടിരുന്ന ഇറാൻ ആയിരക്കണക്കിന് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് അയൽരാജ്യങ്ങൾക്ക് മുന്നിൽ പരാജയപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
ഇറാനെ "മിഡിൽ ഈസ്റ്റിലെ തോറ്റവർ" എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യം പൂർണ്ണമായും കീഴടങ്ങുന്നതുവരെ കടുത്ത ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. ഇറാന്റെ മോശം പെരുമാറ്റം കാരണം, ഇതുവരെ ലക്ഷ്യമിടാതിരുന്ന മേഖലകളെയും ആളുകളെയും പൂർണ്ണമായ നാശത്തിനായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ തമ്മിലുള്ള സംഘർഷം ഇറാന്റെ അതിർത്തികൾക്ക് പുറത്തേക്ക് വ്യാപിച്ചതോടെ മേഖലയിലാകെ അക്രമങ്ങൾ വർദ്ധിച്ചിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രാദേശിക പ്രതിഷേധങ്ങൾക്ക് കാരണമായി.
