പ്രതിഷേധങ്ങൾക്കിടയിൽ കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി മുടി മുറിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജവാദ് ഹൈദരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മൃതദേഹത്തിന് മുകളിൽ മുടി മുറിച്ച് പൊട്ടിക്കരയുന്ന സഹോദരിയുടെ ദൃശ്യങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി (22) കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെയാണ് ഇറാനിലെ സദാചാര പൊലീസിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായത്. സ്ത്രീകൾ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമൊക്കെയാണ് സദാചാര പോലീസിനെതിരെ പ്രതിഷേധം നടത്തുന്നത്.
advertisement
പ്രതിഷേധങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ജവാദ് ഹൈദരിക്ക് ആദരാഞ്ജലി അർപ്പിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ഇതിനിടയിലാണ് ജവാദിന്റെ സഹോദരി മുടി മുറിച്ച് മൃതദേഹത്തിൽ അർപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.
Also Read- മഹ്‌സ അമിനിയുടെ മരണം: ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകൾ
തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്‌സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ തടങ്കലിലായിരുന്ന അമിനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിലായിരുന്ന യുവതി പിന്നീട് മരിച്ചു.
Also Read- ഹിജാബിനെതിരെ ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധം എന്തുകൊണ്ട്? വസ്ത്രസ്വാതന്ത്ര്യവും ചരിത്രവും
ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് പുതിയ വസ്ത്രധാരണച്ചട്ടം കൊണ്ടുവന്നതിനു പിന്നാലെയാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് മഹ്സ അമിനിയെ പിടികൂടിയത്. ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബസമേതം എത്തിയതായിരുന്നു അമിനി. തലസ്ഥാന നഗരിയിലൂടെ യാത്ര ചെയ്യുമ്പോള്‍ തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സയെ അറസ്റ്റ് ചെയ്തത്.
തടങ്കലിലുള്ള മറ്റു സ്ത്രീകൾക്കൊപ്പം കഴിയുമ്പോൾ അമിനി കുഴഞ്ഞുവീണാണു മരിച്ചതെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ, അറസ്റ്റു ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി. പോലീസ് വാനില്‍ വച്ച് പോലീസ് മഹ്സ അമിനിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി നിരവധി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.