ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പോലീസ് പിടികൂടിയ യുവതി മരിച്ച സംഭവത്തെ തുടർന്ന് തിങ്കളാഴ്ച ഇറാനിൽ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പടിഞ്ഞാറൻ പ്രവിശ്യയായ കുർദിസ്ഥാനിൽ നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് എത്തിയതായിരുന്നു മഹ്‌സ അമിനിയെന്ന (Mahsa Amini )22 കാരി. തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്‌സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ തടങ്കലിലായിരുന്ന അമിനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിലായിരുന്ന യുവതി പിന്നീട് മരിച്ചു.
അതേസമയം, അമിനിയെ എന്തിനാണ് തടങ്കലിൽ പാർപ്പിച്ചതെന്ന് പോലീസ് വിശദീകരണമൊന്നും നൽകിയിട്ടില്ലെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തന്റെ മകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുന്നുണ്ടെന്നും അമിനിയുടെ അമ്മ ഇറാനിയൻ വാർത്താ ഏജൻസികളോട് പറഞ്ഞു.
അമിനിയുടെ മരണത്തെ തുടർന്ന് തിങ്കളാഴ്ച ടെഹ്റാനിലും നിരവധി സർവകലാശാലകളിലും മഷാദിലും ശക്തമായ പ്രതിഷേധമാണ് പൊട്ടിപുറപ്പെട്ടത്. പ്രതിഷേധം ശക്തമാകുമ്പോൾ ഇറാനിലെ ഹിജാബ് വിവാദത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കാം.
Also Read- മഹ്‌സ അമിനിയുടെ മരണം: ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകൾ
മഹ്സ അമിനി മരിച്ചത് എങ്ങനെ?
പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന അമിനി പോലീസുകാരിയുമായുള്ള വാക്കു തർക്കത്തിനിടെ കുഴഞ്ഞുവീണതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. തടങ്കൽ കേന്ദ്രത്തിൽ വെച്ച് ഹിജാബ് നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ അമിനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഇറാൻ സുരക്ഷാ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അറസ്റ്റിന് മുമ്പുവരെ അവൾ പൂർണ ആരോഗ്യവതിയായിരുന്നുവെന്നാണ് അമിനിയുടെ വീട്ടുകാർ പറയുന്നത്.
This woman removed her hijab and threw it in the air in front of security forces and dared them to arrest her. Men cheered for her.
This is Sanandaj & people took to the streets to protest against the murdering of #MahsaAmini who was beaten to death by hijab police in Iran. pic.twitter.com/QwAsomPmFl— Masih Alinejad 🏳️ (@AlinejadMasih) September 18, 2022
മകളെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അമിനിയുടെ പിതാവ് അംജദ് അമിനി ആരോപിച്ചു. അതേസമയം, സംഭവസ്ഥലത്ത് ആവശ്യമായ അടിയന്തര സേവനങ്ങൾ ഉടൻ തന്നെ ലഭിച്ചതായി റിപ്പോർട്ട് ലഭിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി വ്യക്തമാക്കി. അമിനിക്ക് മുൻപ് ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അഞ്ചാം വയസ്സിൽ അവർ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും വാഹിദി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ വാദങ്ങളെ തള്ളിയ അമിനിയുടെ പിതാവ് മകൾക്ക് അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൂർണ ആരോഗ്യവതിയായിരുന്നുവെന്നും പറഞ്ഞതായി ഫാർസ് റിപ്പോർട്ട് ചെയ്തു. അതേസമയം, വായിലും മൂക്കിലും ട്യൂബുകളുമായും, ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതും, കണ്ണുകൾക്ക് ചുറ്റും ചതവുകളോടെ ആശുപത്രി കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന അമിനിയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അമിനിയെ പരിശോധിക്കാൻ തങ്ങൾക്ക് അനുവാദമില്ലായിരുന്നുവെന്ന് ചില ഡോക്ടർമാർ ട്വിറ്ററിൽ പറഞ്ഞു. തലയ്ക്ക് കാര്യമായ പരിക്കേറ്റതിനാലാണ് അമിനിയുടെ ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടായതെന്നും ഡോക്ടർമാർ പറഞ്ഞു.
These Iranian women took of their hijab to protest against the murdering of #MahsaAmini by hijab police. The woman who took the video says:
We will win against gender apartheid regime because now our anger is bigger than our fear. #مهسا_امینی pic.twitter.com/VIFiIr0mCv— Masih Alinejad 🏳️ (@AlinejadMasih) September 19, 2022
ഇറാനിലെ വസ്ത്ര സ്വാതന്ത്ര്യം
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കണമെന്ന് ഉൾപ്പെടെയുള്ള ഡ്രസ് കോഡുകൾ ഇറാനിൽ നടപ്പിലാക്കിയിരുന്നു. ഇറുകിയ ട്രൗസറുകൾ, കീറിയ ജീൻസ്, കാൽമുട്ടുകൾ തുറന്നുകാട്ടുന്ന വസ്ത്രങ്ങൾ, കടും നിറമുള്ള വസ്ത്രങ്ങൾ എന്നിവക്കും രാജ്യത്ത് നിരോധനം ഉണ്ട്.
ചരിത്രം
മുസ്ലിം വിഭാഗങ്ങൾക്കിടയിലുള്ള മുഖാവരണം എപ്പോഴും ഭൂമിശാസ്ത്രപരവും സാമൂഹിക സാമ്പത്തികവും ചരിത്രപരവുമായ സന്ദർഭങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നുവെന്നും, ഈ വിഷയം ഇറാനിൽ വളരെക്കാലമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ബ്രൂക്കിംഗ്‌സിന്റെ റിപ്പോർട്ട് പറയുന്നു.
തന്റെ രാജ്യത്തെ ആധുനികവൽക്കരിക്കുന്നതിനും ദേശീയ സ്വത്വബോധം വളർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനിലെ ആദ്യത്തെ അധികാരിയിരുന്ന പഹ്ലവി ഷാ 1936-ൽ മൂടുപടം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ പുരുഷന്മാർക്ക് യൂറോപ്യൻ ശൈലിയിലുള്ള തൊപ്പികളും അദ്ദേഹം നിർബന്ധമാക്കിയതായി റിപ്പോർട്ട് പറയുന്നു.
എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം, ഷാ നാടുകടത്തപ്പെടുകയും അദ്ദേഹത്തിന്റെ ഇളയ മകൻ ഭരണാധികാരിയായി അധികാരമേൽക്കുകയും ചെയ്തതോടെ ഈ ഉത്തരവ് റദ്ദാക്കപ്പെട്ടു.
വിപ്ലവാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിലും, ജനങ്ങൾക്ക് മേൽ ഹിജാബ് അടിച്ചേൽപ്പിക്കാനും നടപ്പിലാക്കാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ കടുത്ത എതിർപ്പിന് വിധേയമായെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് 1979 മാർച്ചിൽ ആയിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി പുതിയ നേതൃത്വത്തിന്റെ ശിരോവസ്ത്രം നിയമം തങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള ഭീഷണിയാണെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധങ്ങൾ ശക്തമായെങ്കിലും ഇത് കണക്കിലെടുക്കാതെ ഇറാനിൽ ബലപ്രയോഗത്തിലൂടെയും പിന്നീട് നിയമത്തിലൂടെയും നിർബന്ധിത ഹിജാബ് നടപ്പിലാക്കുകയായിരുന്നു. നിലവിൽ രാജ്യത്ത് ഇതുസംബന്ധിച്ച ഏത് ലംഘനത്തിനും ചെറിയ പിഴയും രണ്ട് മാസത്തെ തടവും ലഭിക്കും.
പ്രതിഷേധങ്ങൾ
വർഷങ്ങളായി, ഇറാനിൽ ഇത്തരം പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനിൽ പ്രതിഷേധിച്ചതിനെ തുടർന്ന് 2017 ഡിസംബറിൽ 35-ലധികം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് 2018-ലെ മെയ് മാസത്തിലെ ബിബിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹിജാബ് വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നു. 2018 ഏപ്രിലിൽ ടെഹ്റാനിൽ ശിരോവസ്ത്രം അഴിച്ചതിന്റെ പേരിൽ ഒരു സ്ത്രീയെ ഒരു വനിതാ സദാചാര പോലീസ് ഉദ്യോഗസ്ഥ തല്ലിയതായും ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സംഭവം ലോകമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇറാൻ വനിതാ കാര്യ വൈസ് പ്രസിഡന്റ് മസൗമെ എബ്തേക്കർ ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് വിവാദങ്ങൾ
ഇന്ത്യ
കഴിഞ്ഞ വർഷം ഡിസംബറിൽ ഉഡുപ്പി ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ ഹിജാബ് ധരിച്ച് എത്തിയതിന്റെ പേരിൽ ആറ് വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്ന വാർത്ത ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് മംഗളൂരു ജില്ലയിലെ ഒരു കോളേജിലെ വിദ്യാർത്ഥികളും സമാനം സംഭവത്തെതുടർന്ന് പ്രതിഷേധിച്ചിരുന്നു. വിഷയത്തിൽ സ്‌കൂളുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കർണാടകയിൽ കൂടുതൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസത്തിനും മതത്തിനുമേലുള്ള തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് മുസ്ലീം വിദ്യാർത്ഥികൾ അവകാശപ്പെട്ടു. ഹിജാബ് വിഷത്തിൽ പ്രതിഷേധം ശക്തമായതോടെ ചില ഹിന്ദു സംഘടനകളും ഇവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയുരുന്നു.
വിഷയത്തിൽ ഈ വർഷം മാർച്ചിൽ, സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് വിലക്കിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, ഹിജാബ് അനിവാര്യമായ മുസ്ലീം മതാചാരമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ഋതരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗം ബെഞ്ച് വിധിച്ചത്.
യൂറോപ്പ്
യൂറോപ്പിൽ മുസ്ലീം സ്ത്രീകൾ ധരിക്കുന്ന വിവിധ ശിരോവസ്ത്രങ്ങളായ ഹിജാബ്, ബുർഖ എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ് വിവാദങ്ങൾ. പല രാജ്യങ്ങളിലും, ഹിജാബ് ധരിക്കുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാവുകയും ചിലയിടത്ത് ഇത് ഭാഗികമായോ പൂർണ്ണമായോ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ചിലയിടത്ത് ബുർഖ, ബൂഷിയ അല്ലെങ്കിൽ നിഖാബ് പോലുള്ള വസ്ത്രങ്ങൾക്ക് മാത്രം നിയന്ത്രണം ബാധകമാകുമ്പോൾ ചിലയിടത്ത് ഇസ്ലാമിക മതപരമായ പ്രതീകങ്ങളുള്ള ഏത് വസ്ത്രത്തിനും ഇത് ബാധകമാണ്.
ഹിജാബ് നിരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ
താഴ പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ 2021 ജൂലൈ മുതൽ പൂർണമായോ ഭാഗികമായോ ബുർഖ നിരോധനമുണ്ട്. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ഡെൻമാർക്ക്, ബൾഗേറിയ, നെതർലൻഡ്സ് (പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പൊതുഗതാഗതത്തിലും), ജർമ്മനി (ചില സംസ്ഥാനങ്ങളിൽ ഭാഗിക നിരോധനം), ഇറ്റലി (ചില പ്രദേശങ്ങളിൽ), സ്‌പെയിൻ (കാറ്റലോണിയയിലെ ചില പ്രദേശങ്ങളിൽ), റഷ്യ (സ്റ്റാവ്‌റോപോൾ ക്രൈയിൽ), ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ്, നോർവേ (നഴ്‌സറികൾ, പൊതു വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ എന്നിവടങ്ങളിൽ), കൊസോവോ (പൊതുവിദ്യാലയങ്ങളിൽ), ബോസ്‌നിയ ആൻഡ് ഹെർസഗോവിന (പൊതുവിദ്യാലയങ്ങളിൽ), ബോസ്‌നിയ ആൻഡ് ഹെർസഗോവിന (പൊതുവിദ്യാലയങ്ങളിലും കോടതികളിലും മറ്റ് നിയമ സ്ഥാപനങ്ങളിലും).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.