തന്റെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ പ്രസ് ടിവി പുറത്തുവിട്ട ദൃശ്യങ്ങളിൽ, പവർ പ്ലാന്റുകൾക്ക് മുന്നിലും പാലങ്ങളിലും ദേശീയ പതാകകളുമായി ജനങ്ങൾ അണിനിരക്കുന്നത് കാണാൻ സാധിച്ചത്. അമേരിക്ക ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ച സ്ഥലങ്ങൾക്ക് ചുറ്റും ജനങ്ങൾ 'മനുഷ്യ കവചം' തീർക്കുകയാണ്.
യുവാക്കൾ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവരടക്കം ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് ഇറാൻ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് സുപ്രീം കൗൺസിൽ ഓഫ് യൂത്ത് ആൻഡ് അഡോളസന്റ്സ് സെക്രട്ടറി അലിറേസ റഹീമി ആഹ്വാനം ചെയ്തു.
യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും കലാകാരന്മാരും ചേർന്ന് മുന്നോട്ടുവെച്ച ആശയമാണ് ഇതെന്നും, "ഉജ്ജ്വലമായ ഭാവിക്ക് വേണ്ടിയുള്ള ഇറാനിയൻ യുവാക്കളുടെ മനുഷ്യചങ്ങല" (എന്ന പേരിൽ ആരംഭിച്ച ഈ ക്യാമ്പയിൻ ജനങ്ങളുടെ ഐക്യത്തെയും നിശ്ചയദാർഢ്യത്തെയുമാണ് കാണിക്കുന്നതെന്നും റഹീമി കൂട്ടിച്ചേർത്തു.
നേരത്തെ, ഹോർമുസ് കടലിടുക്ക് തുറക്കാനും പുതിയ കരാറിൽ ഒപ്പിടാനുമുള്ള തന്റെ സമയപരിധി ഇറാൻ പാലിച്ചില്ലെങ്കിൽ "ഇന്ന് രാത്രി ഒരു നാഗരികത മുഴുവൻ മരിക്കും" എന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഇങ്ങനെ കുറിച്ചു: "ഒരു മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും. എന്നിരുന്നാലും, മിടുക്കരായ, തീവ്രചിന്താഗതിയില്ലാത്തവർ നേതൃത്വത്തിലേക്ക് വരുന്ന ഒരു ഭരണമാറ്റം ഉണ്ടായാൽ വിപ്ലവകരമായ എന്തെങ്കിലും അത്ഭുതങ്ങൾ നടന്നേക്കാം, ആർക്കറിയാം? ലോകത്തിന്റെ സങ്കീർണ്ണമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമ്മൾ അത് കണ്ടെത്തും. 47 വർഷത്തെ അഴിമതിക്കും മരണത്തിനും ഇന്ന് അന്ത്യമാകും. ഇറാന്റെ മഹാനായ ജനതയെ ദൈവം അനുഗ്രഹിക്കട്ടെ!"
Summary: As the deadline set by U.S. President Donald Trump approaches, thousands of Iranians have reportedly formed human chains around critical infrastructure to protect them from potential American airstrikes. This grassroots movement follows Trump’s explicit warnings that he would target Iran’s power plants and bridges if Tehran fails to meet his demands regarding the Strait of Hormuz.
