അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ഖാർ പട്ടണത്തിൽ വെച്ചായിരുന്നു സമ്മേളനം. തങ്ങൾ ഇപ്പോഴും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുകയും വിവരങ്ങൾ ശേഖരിച്ചു വരികയും ചെയ്യുന്നതായി പോലീസിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നിരോധിത സംഘടനയായ ഐസിസ് ആണ് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു. ബോംബ് നിർവീര്യ സ്ക്വാഡ് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു വരികയാണ്.
Also read-പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു
advertisement
സംഭവത്തിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് ഓഫീസർ നസീർ ഖാൻ പറഞ്ഞു. സ്‌ഫോടനം നടത്തിയ ഒരു ചാവേർ പത്തു കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പ്രവിശ്യാ പോലീസ് മേധാവി അക്തർ ഹയാത്ത് ഖാൻ പറഞ്ഞു. സമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്നവരുടെ ഇടയിൽ ഈ ചാവേറും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന വേദിക്ക് സമീപം അക്രമികളിലൊരാൾ സ്‌ഫോടകവസ്തുക്കൾ വെച്ചിരുന്നു എന്നും ലോക്കൽ പോലീസ് അറിയിച്ചു.
ജെയുഐ-എഫിന്റെ ജില്ലാ അമീർ ആയ മൗലാന അബ്ദുൾ റഷീദ് വേദിയിൽ എത്തിയ ഉടൻ സ്‌ഫോടനം ഉണ്ടായെന്ന് പോലീസും ദൃക്‌സാക്ഷികളും പറയുന്നു. മരിച്ചവരിൽ ജെയുഐ-എഫ് തഹസിൽ മൗലാന സിയാവുല്ല ജാൻ, നവഗൈ തഹസിൽ ജനറൽ സെക്രട്ടറി മൗലാന ഹമീദുള്ള, ജില്ലാ ഇൻഫർമേഷൻ സെക്രട്ടറി മുജാഹിദ് ഖാൻ എന്നിവരും നിരവധി പാർട്ടി പ്രവർത്തകരും ഉൾപ്പെടുന്നു. ആക്രമണത്തിൽ 44 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖൈബർ പഖ്തൂൺഖ്വ (കെപി) ആരോഗ്യ മന്ത്രി റിയാസ് അൻവർ അറിയിച്ചു.
Also read-യുവാക്കളെ വഴി തെറ്റിക്കുമെന്ന് ആരോപണം; താലിബാൻ സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കത്തിച്ചു
പരിക്കേറ്റവരിൽ ഭൂരിഭാഗവും ചികിത്സയിൽ കഴിയുന്ന ബജൗറിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ബജൗറിൽ നിന്ന് സൈനിക ഹെലികോപ്റ്ററുകളിൽ പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ 150ലധികം പേരെ ബജൗർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ എത്തിച്ചതായും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ഫൈസൽ കമാൽ പറഞ്ഞു.
35 ലധികം പേരെ തിമർഗഡ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 15 പേരെ പാകിസ്ഥാൻ ആർമി ഹെലികോപ്റ്റർ വഴി പെഷവാറിലേക്കും അയച്ചു. 15 പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തി. സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി ഉടൻ തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.