മാർച്ച് 13 വെള്ളിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോ ആണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. നെതന്യാഹു സംസാരിക്കുന്നതിനിടെ കൈകൾ ചലിപ്പിക്കുമ്പോൾ വലതു കൈയ്യിൽ ആറ് വിരലുകൾ കാണാൻ സാധിക്കും. എഐ വീഡിയോകളിൽ സാധാരണയായി കാണാറുള്ള വിരലുകളിലെ പിശകാണിതെന്നതരത്തിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രമുഖ അമേരിക്കൻ കമന്റേറ്റർ കാൻഡിസ് ഓവൻസ് ഉൾപ്പെടെയുള്ളവർ 'നെതന്യാഹു എവിടെ?' എന്ന ചോദ്യവുമായി രംഗത്തെത്തി. നെതന്യാഹു മരണപ്പെട്ടുവെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളാണ് പുറത്തുവിടുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.
advertisement
സത്യാവസ്ഥ എന്ത്?
വൈറൽ പ്രചാരണങ്ങൾ ശക്തമായതോടെ വസ്തുതാന്വേഷണ വിഭാഗങ്ങൾ വിശദീകരണവുമായി രംഗത്തെത്തി. നെതന്യാഹുവിന്റെ കൈയ്യിൽ ആറ് വിരലുകൾ ഉണ്ടെന്നത് വെറുമൊരു കാഴ്ചാഭ്രമം മാത്രമാണെന്ന് എക്സിന്റെ എഐ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' വ്യക്തമാക്കി. പ്രസംഗത്തിനിടെ അദ്ദേഹം കൈ ചൂണ്ടിയ ആംഗ്യവും വീഡിയോയിലെ ആംഗിളും ചേർന്നുണ്ടായ അവ്യക്തതയാണ് വിരലുകൾ കൂടുതലായി തോന്നാൻ കാരണമായത്.
അതേസമയം, നെതന്യാഹു മരണപ്പെട്ടുവെന്ന ഇറാനിയൻ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് സ്നോപ്സ് , ടൈംസ് ഓഫ് ഇസ്രായേൽ തുടങ്ങിയ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം പശ്ചിമേഷ്യയിൽ അതീവ രൂക്ഷമായി തുടരുകയാണ്. യുദ്ധ സാഹചര്യങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
