അതേസമയം പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. ' ആക്രമണങ്ങള്‍ 'പൂർണ്ണശക്തി'യോടെ തന്നെ തുടരുകയാണെന്നും സമയമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിസംബോധനയിൽ നെതന്യാഹു പറഞ്ഞത്. ഗാസയിലെ 'തീവ്രവാദി'കളായ ഹമാസ് അധികാരികളിൽ നിന്നും കനത്ത വില ഈടാക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read-Iron Dome | അയൺ ഡോം; ഇസ്രയേലിന് രക്ഷയാകുന്ന മിസൈൽ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതെങ്ങിനെ?
2014 ന് ശേഷം ഗാസ നേരിടുന്ന ഏറ്റവും രൂക്ഷമായ സംഘർഷമാണിത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിൽ ഏറ്റവും ഭീകരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റെസിഡൻഷ്യൽ ബിൽഡിംഗുകൾ ഒരു തിരക്കേറിയ തെരുവിലുണ്ടായ ആക്രമണത്തിലാണ് 42 പേർ കൊല്ലപ്പെട്ടത്. അഞ്ച് മിനിറ്റിന്‍റെ ഇടവേളകളിൽ നടന്ന വ്യോമാക്രമണത്തിൽ അടുത്തടുത്തായുള്ള രണ്ട് കെട്ടിടങ്ങളാണ് നിലംപതിച്ചതെന്നാണ് റിപ്പോർട്ട്.
advertisement
കൊല്ലപ്പെട്ടവരിൽ 16 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.നേരത്തെ, തെക്കൻ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഗാസയിലെ മുൻനിര ഹമാസ് നേതാവ് യാഹിയേ സിൻവാറിന്റെ വീട് നശിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഹമാസ് മുതിർന്ന നേതാക്കളുടെ വീടുകൾക്ക് നേരെ നടന്ന മൂന്നാമത്തെ ആക്രമണമാണിത്.
Also Read-Explained: ജറുസലേമിലെ അൽ അഖ്സ പള്ളി അറബ് - ഇസ്രായേൽ സംഘർഷത്തിന്റെ കേന്ദ്രമായത് എങ്ങനെ?
ദിവസങ്ങളായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷം ജെറുസലേമിലെ അല്‍ അഖ്സ പള്ളിയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് വഷളായത്. കഴിഞ്ഞ വെള്ളിയാഴ്ച ജഅൽ-അഖ്സാ പള്ളിയിൽ പലസ്തീനികളും ഇസ്രയേൽ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ജറുസലെമിൽനിന്ന് പലസ്തീൻ വംശജരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പലസ്തീനികൾ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിനാൽ ഇസ്രായേൽ പോലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവതിയും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിൻ്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയായിരുന്നു.