ജോർജിയ മെലോണി. ആക്രമണത്തെ 'പെൺകുട്ടികളുടെ കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ച മെലോണി സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഇറ്റാലിയൻ സെനറ്റിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആദ്യ ദിനത്തിലാണ് മിനാബിലെ സ്കൂളിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 165 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആരോപണം നിഷേധിക്കുകയും കുറ്റം ഇറാനുമേൽ ചുമത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വാഷിംഗ്ടൺ അന്വേഷണം നടത്തിവരികയാണെന്നും ഇസ്രായേലിന് ഇതിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
നാറ്റോ, യൂറോപ്യൻ യൂണിയൻ അംഗരാജ്യം എന്നീ നിലകളിൽ ഇറ്റലിയുടെ നിലപാട് മെലോണി സെനറ്റിൽ ആവർത്തിച്ചു. ഇറ്റലി ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നും യുദ്ധത്തിൽ പ്രവേശിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും അവർ വ്യക്തമാക്കി. എങ്കിലും, യുദ്ധത്തിന് കാരണമായ സാഹചര്യങ്ങളെ പൂർണ്ണമായി തള്ളിക്കളയാൻ അവർ തയ്യാറായില്ല.
ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാനുള്ള 'അവസാനത്തെയും മികച്ചതുമായ വഴി' എന്ന നിലയിലാണ് യുദ്ധം പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദത്തെ മെലോണി പൂർണ്ണമായും തള്ളിയില്ല. ഇറാനുമായുള്ള ആണവ ചർച്ചകളിൽ ഇറ്റലി നേരിട്ട് പങ്കാളികളല്ലാത്തതിനാൽ അമേരിക്കയുടെ വിലയിരുത്തലുകൾ ശരിയാണോ തെറ്റാണോ എന്ന് സ്ഥിരീകരിക്കാൻ തനിക്ക് കഴിയില്ലെന്ന് അവർ പറഞ്ഞു. എങ്കിലും, ആണവായുധ ശേഷിയുള്ള ഒരു ഭരണകൂടം ഇറ്റലിക്ക് ഉൾപ്പെടെ ഭീഷണിയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.
യുദ്ധം ദാരുണമാണെങ്കിലും ഇറാൻ ആണവായുധം നേടുന്നത് തടയാതിരുന്നാൽ ഉണ്ടാകുന്ന അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ പ്രത്യാഘാതങ്ങൾ കുറവാണെന്ന് മെലോണി അഭിപ്രായപ്പെട്ടു. മേഖലയിൽ ഇറാൻ പ്രത്യാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങുന്നത് അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. യൂറോപ്യൻ നേതാക്കളുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മെലോണി സെനറ്റിൽ അറിയിച്ചു.
