TRENDING:

ബ്രസീലിൽ വീണ്ടും ഇടതു തരംഗം; ലുല ജയിൽ മോചിതനായി പ്രസിഡന്റ് പദവിയിലേയ്ക്ക്

Last Updated:

77ാം വയസ്സിൽ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് ലൂയിസ് ഇനാഷ്യോ ലുല ഡാ സിൽവ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പട്ടിണിയിൽ വളർന്ന്, തൊഴിലാളി സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി ജനങ്ങളുടെ നേതാവായ ലൂയിസ് ഇനാഷ്യോ ലുല ഡാ സിൽവ (Luiz Inacio Lula da Silva)വീണ്ടും ബ്രസീലിന്റെ പ്രസിഡൻറ് ആവുകയാണ്. അഴിമതിക്കേസിൽ പ്രതിക്കൂട്ടിലായത് ലുലയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, 77ാം വയസ്സിൽ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ പ്രസിഡൻറായി അദ്ദേഹം തിരിച്ചുവരവ് നടത്തുകയാണ്. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജെയർ ബോൾസോനാരോയെ മറികടന്ന് കൊണ്ടാണ് ബ്രസീലുകാർ സ്നേഹത്തോടെ ലുല എന്ന് വിളിക്കുന്ന നേതാവ് മൂന്നാം തവണയും വെന്നിക്കൊടി പാറിച്ചത്.
Image:  AP
Image: AP
advertisement

18 മാസങ്ങൾക്ക് മുമ്പ് അഴിമതിക്കേസിൽപെട്ടിരുന്നു ലുല. എന്നാൽ രാജ്യത്തെ വലിയൊരു വിഭാഗം മനുഷ്യർ അന്നും തങ്ങളുടെ പ്രിയനേതാവിനൊപ്പം തന്നെ നിന്നു. ജയിലിൽ അടക്കപ്പെട്ട ലുലയുടെ മോചനത്തിന് വേണ്ടി തെരുവിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. വർക്കേഴ്സ് പാർട്ടിയെ എതിർത്ത് കൊണ്ടാണ് തീവ്ര വലതുപക്ഷക്കാരനായ ബോൾസോനാരോ 2018ൽ ബ്രസീലിന്റെ പ്രസിഡൻറാവുന്നത്. കോവിഡ് 19 വളരെ മോശമായി കൈകാര്യം ചെയ്തത് അദ്ദേഹത്തിന് അവമതിപ്പുണ്ടാക്കി.

Also Read- ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത സെലിബ്രറ്റി ഷെഫിനെ സുരക്ഷാസേന അടിച്ചുകൊന്നു

advertisement

പരിസ്ഥിതി വിരുദ്ധ, വംശീയ വിരുദ്ധ പരാമർശങ്ങൾ അദ്ദേഹം നിരന്തരം നടത്തിയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെ അപഹസിക്കാറുമുണ്ടായിരുന്നു. ഇതെല്ലാം വലിയൊരു വിഭാഗത്തിന് ബോൾസോനാരോയെ അനഭിമതനാക്കി.

"പഴയ ബ്രസീലിന്റെ പുഞ്ചിരി നമുക്ക് തിരിച്ച് പിടിക്കണം," തെരഞ്ഞെടുപ്പ് ക്യാമ്പെയിനിടയിൽ ലുല ഒരിക്കൽ പറഞ്ഞു. പോഡ്കാസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി യുവ വോട്ടർമാരെയടക്കം വല്ലാതെ സ്വാധീനിക്കുന്ന തരത്തിലായിരുന്നു ലുലയുടെ പ്രചരണം. താൻ ഭരണത്തിൽ തിരികെയെത്തിയാൽ ബ്രസീലുകാർക്ക് പതിവ് പോലെ വൈകുന്നേരം ബിയർ കുടിക്കാമെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലുല വാഗ്ദാനം ചെയ്തു. പണപ്പെരുപ്പം കാരണം ബ്രസിലുകാർക്ക് പ്രിയപ്പെട്ട ബീഫ് വിഭവങ്ങൾ പോലും പഴയ പോലെ ലഭിക്കുന്നില്ലായിരുന്നു.

advertisement

Also Read- ദക്ഷിണ കൊറിയയിലെ ഹലോവിൻ ആഘോഷത്തിനിടെ 149 മരണം; തിക്കിലും തിരക്കിലും 75 പേർക്ക് പരിക്ക്

ബ്രസീലിന് പുറത്തും ലുല വലിയ ജനപ്രതീയുള്ള നേതാവാണ്. ലോക നേതാക്കളിൽ പലർക്കും അദ്ദേഹത്തോട് എന്നും വലിയ ബഹുമാനം ഉണ്ട്. ലോകത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് എന്നാണ് മുൻ അമേരിക്കൻ പ്രസിഡൻറ് ബരാക്ക് ഒബാമ ലുലയെ വിശേഷിപ്പിച്ചത്. നിരവധി ദിവസങ്ങൾ നീണ്ടുനിന്ന ദീർഘമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ ഇത്തവണ ലുലയ്ക്ക് തന്നെയായിരുന്നു മുൻതൂക്കം ഉണ്ടായിരുന്നത്. എങ്കിലും എല്ലാ ശ്രമങ്ങളും നടത്തി അവസാനം വരെ ബോൾസോനാരോ വെല്ലുവിളി ഉയർത്തിയിരുന്നു.

advertisement

തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവ്

2010ൽ ലുല ബ്രസീലിയൻ പ്രസിഡൻറായി കാലാവധി പൂർത്തിയാക്കുമ്പോൾ ജനങ്ങളുടെ ഹീറോ ആയിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ 30 ദശലക്ഷത്തോളം പേരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. രാജ്യത്തെ സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്ക് നയിച്ച അദ്ദേഹം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. തീവ്ര ഇടതുപക്ഷക്കാരനെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടതിനാൽ ലുലയെ ഭയത്തോടെ നോക്കിക്കണ്ടവരും ഏറെയാണ്.

എന്നാൽ, 2003 മുതൽ 2010 വരെ ബ്രസീലിനെ ഭരിച്ച ലുലയുടെ സാമ്പത്തികനയങ്ങൾ രാജ്യത്തെ അഭിവൃദ്ധിയിലേക്കാണ് നയിച്ചത്. മിതവാദിയും പ്രായോഗിക നേതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തി നേടി. വ്യാപാര സൗഹൃദ സാമ്പത്തിക നയം നടപ്പിലാക്കിയ ലുല ജനതയുടെ വിശ്വാസവും ഒരുപോലെ നേടിയെടുത്തു.

advertisement

ബ്രസീലിനെ അന്താരാഷ്ട്ര തലത്തിൽ വലിയ ശക്തിയായി വളർത്തിയെടുത്തതിലും ലുലയുടെ പങ്ക് വളരെ വലുതാണ്. 2014ലെ ഫുട്ബോൾ ലോകകപ്പും 2016ലെ ഒളിമ്പിക്സും അദ്ദേഹം റിയോഡി ജനീറോയിൽ എത്തിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ ജനപിന്തുണയും വർധിപ്പിച്ച് കൊണ്ടിരുന്നു.

എന്നാൽ എല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബ്രാസുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കുരുങ്ങിയത് ലുലയുടെ ജീവിതത്തിലെ കളങ്കമായി മാറി. രാഷ്ട്രീയ നേതാക്കളും ബ്രസീലിലെ വലിയ വ്യവസായികളുമെല്ലാം ഈ അഴിമതിയുടെ ഭാഗമായിരുന്നു. എല്ലാം ആരോപണങ്ങളും ലുല നിഷേധിച്ചു. പെട്രോബ്രാസുമായി ബന്ധപ്പെട്ട ഒരു അഴിമതിയിലും താൻ പങ്കാളിയല്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു.

എന്നാൽ കേസ് മുന്നോട്ട് പോയതോടെ ലുല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. 2018ൽ ബ്രസീലിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് ജയിലഴിക്കുള്ളിലായി. 18 മാസത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞു. അതിന് ശേഷം മാത്രമാണ് അപ്പീൽ പരിഗണിച്ച കോടതി അദ്ദേഹത്തെ സ്വതന്ത്രനാക്കിയത്. ലുല ജയിലിലായ അതേ സമയത്ത് തന്നെയാണ് ബോൾസോനാരോ ബ്രസീലിന്റെ പുതിയ പ്രസിഡൻറായി അവരോധിതനാവുന്നത്.

കഴിഞ്ഞ വർഷം ബ്രസീലിലെ സുപ്രീംകോടതി ലുലയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എങ്കിലും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ തയ്യാറായിരുന്നില്ല. ഈ അഴിമതിക്കേസ് ബ്രസീലിനെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചിരുന്നു. ബ്രസീലിനെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിച്ചത് ലുലയാണെന്ന് ജനതയ്ക്ക് അറിയാമായിരുന്നു. എങ്കിലും ബോൾസോനാരോയെ അവർ വോട്ട് ചെയ്ത് വിജയിപ്പിച്ചു. അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തു.

പട്ടിണിയിൽ നിന്ന് പ്രസിഡൻറ് പദവിയിലേക്ക്

കടുത്ത പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച് കൊണ്ടാണ് ലുല വളർന്നത്. ബ്രസീലിലെ വടക്കുകിഴക്കൻ മേഖലയായ പെർണാമ്പുക്കോയിലെ ഒരു കർഷക കുടുംബത്തിൽ എട്ട് മക്കളിൽ ഏഴാമനായിട്ടായിരുന്നു ലുലയുടെ ജനനം. ലുലയ്ക്ക് ഏഴ് വയസ്സുണ്ടായിരുന്ന സമയത്ത് കുടുംബം വ്യാവസായിക മേഖലയായ സാവോപോളോയിലേക്ക് കുടിയേറിപ്പാർത്തു.

14ാം വയസ്സിൽ ഒരു കരിങ്കൽ കമ്പനിയിൽ ജോലി തുടങ്ങും മുമ്പ് ലുല ഷൂ പോളിഷ് ചെയ്തും കടല വിറ്റുമൊക്കെ ചെറിയ വരുമാനം ഉണ്ടാക്കിയിരുന്നു. ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തിനിടയിൽ അദ്ദേഹത്തിന് ഒരു വിരൽ നഷ്ടമായിട്ടുണ്ട്. 1960കൾ ആയപ്പോഴേക്കും ലുല തൊഴിലാളി നേതാവായി വളർന്ന് കഴിഞ്ഞു. 1970കളിൽ അപ്പോഴത്തെ പട്ടാള ഏകാധിപത്യം ഭരണത്തിനെതിരായ തൊഴിലാളി സമരങ്ങളെ അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു.

1980ലാണ് അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തുന്നത്. ബ്രസീലിലെ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാളാണ് ലുല. 9 വർഷങ്ങൾക്ക് ശേഷം ആ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായും അദ്ദേഹം മാറി. 1989 മുതൽ 1998 വരെ നടന്ന മൂന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ ലുലയും വർക്കേഴ്സ് പാർട്ടിയും പരാജയപ്പെട്ടു. 2002ലാണ് അദ്ദേഹം ആദ്യമായി വിജയിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം പിന്നെയും വിജയം നേടി.

ഇത് ആറാം തവണയാണ് ലുല ബ്രസീലിന്റെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മൂന്നാം തവണയാണ് വിജയം നേടുന്നത്. തൊണ്ടയിലെ ക്യാൻസറിനെ അതിജീവിച്ചിട്ടുള്ളയാളാണ് ലുല. ഭാര്യ ലെറ്റീഷ്യ റോക്കോ 40 വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിൽ 2017ൽ സ്ട്രോക്ക് വന്നാണ് മരിച്ചത്. സോഷ്യോളജിസ്റ്റും പാർട്ടി നേതാവുമായ റോസാങ്കല ജാൻജ ഡാ സിൽവയെ അദ്ദേഹം പിന്നീട് വിവാഹം ചെയ്തു. ഇനിയൊരു തവണ കൂടി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ലുല പറഞ്ഞിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രസീലിൽ വീണ്ടും ഇടതു തരംഗം; ലുല ജയിൽ മോചിതനായി പ്രസിഡന്റ് പദവിയിലേയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories