സിഎൻഎൻ - ന്യൂസ് 18ന് ലഭ്യമായ വിവരമനുസരിച്ച്, പാക്കിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. അബുദാബി സന്ദർശന വേളയിൽ യുഎഇ നേതൃത്വം ഉന്നയിച്ച ആശങ്കകൾ അറിയിക്കുകയും ചെയ്‌തു.
പാക്കിസ്ഥാന്റെ ഇറാനിയൻ ചായ്‌വിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ
യുദ്ധസമയത്ത് ഇസ്ലാമാബാദിന്റെ നിലപാടിനെ, പ്രത്യേകിച്ച് ടെഹ്‌റാനുമായുള്ള അടുപ്പത്തെ യു.എ.ഇ. അധികാരികൾ ചോദ്യം ചെയ്തതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. പ്രത്യേകിച്ചും, യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ യുഎഇ നേരിടേണ്ടി വന്നിട്ടും.
advertisement
ഒരു കാരണവുമില്ലാതെ ഇറാൻ യുഎഇയെ ശക്തമായി ആക്രമിച്ചു. എന്നിട്ടും പാക്കിസ്ഥാൻ ടെഹ്‌റാനെ പിന്തുണയ്ക്കുകയാണ് എന്ന് യുഎഇ അധികൃതർ മുനീറിനെ അറിയിച്ചതായി ചർച്ചകളുമായി അടുത്ത വൃത്തങ്ങൾ.
ഈ ആഴ്ചയുടെ തുടക്കം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തഹ്‌നൗൺ ബിൻ സായിദ് അൽ നഹ്യാനുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും മുനീർ നടത്തിയ കൂടിക്കാഴ്ചയിൽ ആശങ്ക ഉയർന്നു കഴിഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കാര്യമായി ഇടപെടൽ നടത്തിയെങ്കിലും, അബുദാബിയോട് സമാനമായ ഒരു സമീപനം അവരുടെ ഭാഗത്തു നിന്നും ഉണ്ടാവാത്തതിൽ യുഎഇ നേതൃത്വം പ്രത്യേകിച്ച് അസ്വസ്ഥരാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
"പാക്കിസ്ഥാൻ പ്രധാനമന്ത്രിയും നിങ്ങളും (മുനീർ) ഐക്യദാർഢ്യത്തോടെ നിരവധി തവണ സൗദി അറേബ്യ സന്ദർശിച്ചു. പക്ഷേ എമിറേറ്റ്സിനോട് അതേ പിന്തുണ പ്രകടിപ്പിച്ചില്ല," പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത വൃത്തം യുഎഇയുടെ സന്ദേശത്തെ ഉദ്ധരിച്ച് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ, പാക്കിസ്ഥാന് യുഎഇ നൽകുന്ന ദീർഘകാല സാമ്പത്തിക പിന്തുണ, നിലവിലെ സാഹചര്യത്തിൽ ഒരു പ്രധാന ആശങ്കയായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഗൾഫ് പിന്തുണയെ വളരെയധികം ആശ്രയിക്കുന്ന പാക്കിസ്ഥാന് നയതന്ത്രപരമായ ഈ പ്രശ്നം കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
സാമ്പത്തിക സഹായത്തിന്റെ ഭാഗമായി അടുത്തിടെ നൽകിയ ഏകദേശം 2 ബില്യൺ ഡോളർ ഇസ്ലാമാബാദിനോട് തിരികെ ചോദിക്കുന്നത് യുഎഇ പരിഗണിച്ചേക്കുമെന്ന് പാക്കിസ്ഥാൻ സാമ്പത്തിക മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) രക്ഷാപദ്ധതിയിൽ യുഎഇ ഒരു പ്രധാന ഗ്യാരണ്ടറാണെന്നതിനാൽ, അത്തരമൊരു നീക്കം പാക്കിസ്ഥാന്റെ സാമ്പത്തിക വെല്ലുവിളികളെ കൂടുതൽ ആഴത്തിലാക്കും.
കൂടാതെ, സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായാൽ യുഎഇയിൽ താമസിക്കുന്ന ഏകദേശം 1.8 ദശലക്ഷം വിദേശ പാക്കിസ്ഥാനികൾ അനിശ്ചിതത്വത്തിലാകും. സൗദി അറേബ്യ, യുഎഇ, ഇറാൻ എന്നിവയ്ക്കിടയിലുള്ള ഇസ്ലാമാബാദിന്റെ ഇരട്ടത്താപ്പ് നയം കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്താൽ പ്രാദേശിക അതിർവരമ്പുകൾ പുനർനിർവചിക്കപ്പെടുന്ന സമയത്ത്, പാക്കിസ്ഥാന്റെ ഗൾഫ് ബന്ധങ്ങളിൽ സംഭവിക്കുന്ന വിള്ളലുകളെ അടിവരയിടുന്നതായി ഈ സംഭവവികാസങ്ങൾ മാറി.
