അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം റോഡിലിറങ്ങിയതിന് പിന്നാലെ മൂന്ന് വാഹനങ്ങളിലായി ഇടിക്കുകയായിരുന്നു. ലാൻഡിംഗിനിടെ വിമാനത്തിന്റെ വലതുചിറക് ഒരു വാഹനത്തിൽ തട്ടുകയും, ഇതേതുടർന്ന് വിമാനത്തിൽ നിന്ന് വേർപെട്ട ഇന്ധനടാങ്ക് തൊട്ടടുത്തുള്ള എസ്‌യുവിയുടെ പിൻഭാഗത്തേക്ക് ഇരച്ചു കയറുകയും ചെയ്തു. അപകടത്തിൽ പലർക്കും നിസാര പരിക്കേറ്റെങ്കിലും വലിയ ദുരന്തം ഒഴിവായത് ആശ്വാസമായി.
ഗെയ്‌നെസ്‌വില്ലിലെ ലീ ഗിൽമർ മെമ്മോറിയൽ എയർപോർട്ടിൽ നിന്ന് കാന്റണിലെ ചെറോക്കി കൗണ്ടി റീജിയണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഹോക്കർ ബീച്ച്‌ക്രാഫ്റ്റ് ബിഇ-36 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് റോഡ് മണിക്കൂറുകളോളം അടച്ചിട്ടത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
