ഒമ്പത് വർഷത്തിന് ശേഷം ഇസ്രായേൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി, സൈനിക കയറ്റുമതി വർധിപ്പിക്കാൻ ഇസ്രായേൽ ലക്ഷ്യമിടുന്ന ഈ സാഹചര്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം എന്നീ മേഖലകളിൽ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ നെതന്യാഹു കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. തുടർന്ന് ഇസ്രായേൽ സൈന്യം അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദവും അടുത്ത ബന്ധവുമാണ് ഈ സ്വീകരണം അടിവരയിടുന്നത്.
ബുധനാഴ്ച രാത്രി 8 മണിക്ക് ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തുടർന്ന് സാങ്കേതിക-നവീന പ്രദർശനം സന്ദർശിക്കും. ശേഷം നെതന്യാഹുവുമായി സ്വകാര്യ അത്താഴവിരുന്നിൽ പങ്കുചേരും.
advertisement
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ന് നാസികൾ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാരുടെ സ്മരണയ്ക്കായി 1953ൽ സ്ഥാപിതമായ ഇസ്രായേലിന്റെ ഔദ്യോഗിക സ്മാരകമായ 'യാദ് വാഷെം' അദ്ദേഹം സന്ദർശിക്കും.
മോദി സർക്കാരിന് കീഴിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. 2017ൽ നരേന്ദ്ര മോദി നടത്തിയ ചരിത്രപ്രധാനമായ സന്ദർശനം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിൽ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു. 2018ൽ നെതന്യാഹു ഇന്ത്യ സന്ദർശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തി.
സാങ്കേതികവിദ്യ, പ്രതിരോധം, ജല മാനേജ്‌മെന്റ്, കൃഷി, സൈബർ സുരക്ഷ, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരുപക്ഷവും ധാരണയായിട്ടുണ്ട്. ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്ക തയാറെടുക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കെയാണ് ഈ സന്ദർശനം. എങ്കിലും, പ്രധാനമന്ത്രിയുടെ ഈ സന്ദർശനം പൂർണമായും ഉഭയകക്ഷി ബന്ധങ്ങളിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
