കഴിഞ്ഞ ആഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്‌ക്കിടെ അന്തർവാഹിനി പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചത്. ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് അന്തർവാഹിനി വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാക്-ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ് ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെയാണ് ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തിച്ചത്. ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള അതിതീവ്ര പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തി എന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നത്. ടൈറ്റന്റെ നിരവധി ഭാഗങ്ങൾ കനേഡിയൻ കോസ്റ്റ് ഗാർഡ് തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടിൽ നിന്നാണ് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് യുഎസ് കോസ്റ്റ് ഗാർഡ് സംശയം പ്രകടിപ്പിച്ചിരുന്നു.
advertisement
കടലാഴകളിൽ നിന്നും ഈ സുപ്രധാന തെളിവുകൾ വീണ്ടെടുക്കാനും സംരക്ഷിക്കാനും സഹായം നൽകിയവർക്ക് യുഎസ് കോസ്റ്റ് ഗാർഡായ ചീഫ് ക്യാപ്റ്റൻ ജേസൺ ന്യൂബൗവർ നന്ദി അറിയിച്ചു. ഈ സുപ്രധാന തെളിവുകൾ ഈ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് നിർണായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈറ്റൻ ദുരന്തത്തിന് കാരണമായ പ്രധാന കാരണങ്ങൾ തിരിച്ചറിയാനും ഇത്തരത്തിലൊരു ദുരന്തം ആവർത്തിക്കാതിരിക്കാനും ഇതിലൂടെ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ROV (Remotely operated underwater vehicle) സംവിധാനം ഉപയോഗിച്ചാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ തിരച്ചിൽ നടത്തിയത്. ROV യുടെ ഉടമയായ പെലാജിക് റിസർച്ച് സർവീസസ് അവരുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായി ബുധനാഴ്ച അറിയിച്ചിരുന്നു. ഇപ്പോഴും ദൗത്യം തുടരുകയാണെന്നും അമേരിക്കയിലിം കാനഡയിലെയും നിരവധി സർക്കാർ ഏജൻസികൾ ഉൾപ്പെടുന്നതിനാൽ ടൈറ്റൻ അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും പെലാജിക് റിസർച്ച് സർവീസസ് വക്താവ് ജെഫ് മഹോനി പറഞ്ഞു. ഈ ഓപ്പറേഷന്റെ ഭാഗമായി തങ്ങളുടെ ടീമംഗങ്ങൾ 10 ദിവസത്തിലേറെയായി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണെന്നും ദൗത്യം പൂർത്തിയാക്കിയതോടെ അവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്നും മഹോനി വ്യക്തമാക്കി.
ടൈറ്റന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ 12,500 അടി താഴ്ചയിലാണ് കണ്ടെത്തിയത്. ജൂൺ 18നാണ് അപകടം ഉണ്ടായത്. ജൂൺ 22നാണ് അന്തർവാഹിനി പൊട്ടിത്തെറിച്ചതായും അഞ്ചുപേർ മരിച്ചതായും സ്ഥിരീകരണം പുറത്തുവന്നത്.
കണ്ടെടുത്ത അവശിഷ്ടങ്ങളിൽ ഇലക്ട്രോണിക് ഡാറ്റയും ഉണ്ടാകാമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെയും കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെയും പ്രതിനിധികൾ ആരും ഇതുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ തങ്ങൾക്ക് ഇപ്പോൾ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ കഴിയില്ലെന്നും കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡിന്റെ വക്താവ് ലിയാം മക്‌ഡൊണാൾഡ് പറഞ്ഞു.
