സൗദി രാജാവ് ഈജിപ്ഷ്യൻ സന്ദർശനത്തിലായിരിക്കെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന് ചുമതല കൈമാറിയിരുന്നു. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാൽ സൗദി രാജാവിന്റെ അഭാവത്തിൽ രണ്ട് സുപ്രധാന തീരുമാനങ്ങളാണ് രാജകുമാരൻ കൈക്കൊണ്ടത്. അമേരിക്കൻ അംബാസഡറായി രാജകുമാരിയായ റീമ ബിന്ദ് ബന്ദർ ബിൻ സുൽത്താനെ നിയമിച്ചതായിരുന്നു ആദ്യത്തേത്. സഹോദരൻ ഖാലിദ് ബിൻ സുൽത്താനെ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിച്ചതായിരുന്നു രണ്ടാമത്തേത്. രാജാവ് അറിയാതെയാണ് തീരുമാനങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഖാലിദ് ബിൻ സൽമാനെ ഉന്നതസ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ രാജാവ് ക്ഷുഭിതനാണെന്നാണ് വിവരം.
advertisement
സാധാരണയായി രാജകീയ നിയമനങ്ങൾ രാജാവിന്‌റെ പേരിലാണ് പുറത്തിറങ്ങാറുള്ളത്. എന്നാൽ ഫെബ്രുവരി 23ന് ഇറക്കിയ ഉത്തരവ് ഡെപ്യൂട്ടി രാജാവിന്റെ പേരിലാണ്. പതിറ്റാണ്ടുകളായി ഉത്തരവുകളിൽ ഡെപ്യൂട്ടി രാജാവ് എന്ന് ഉപയോഗിക്കാറില്ലായിരുന്നു. രാജാവും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പുതിയ നിയമനങ്ങൾ സംബന്ധിച്ച് ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്ന് ഗാർഡിയൻ പറയുന്നു. ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിനുണ്ടായ പേരുദോഷം മറ്റാൻ ശ്രമിക്കുകയാണ് രാജാവ്. ഇതിനിടെ തീരുമാനങ്ങൾ എടുക്കുന്നകാര്യത്തിൽ പൂർണ അധികാരം ഉപയോഗിക്കാനും കിരീടാവകാശിയിലേക്ക് കൂടുൽ അധികാരങ്ങൾ എത്തുന്നത് തടയാനും ഉപദേശകർ രാജാവിൽ സമ്മർദം ചെലുത്തുകയാണെന്നാണ് വിവരം.
എന്നാൽ ഇരുവർക്കും ഇടയിൽ ഭിന്നത രൂക്ഷമാണെന്ന ആരോപണങ്ങളെല്ലാം വാഷിംഗ്ടണിലെ സൗദി എംബസി വക്താവ് നിഷേധിക്കുന്നു. ഈജിപ്ത് സന്ദർശനത്തിനായി പോയപ്പോൾ അധികാരം കിരീടാവകാശിക്ക് കൈമാറിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും ഇരുവർക്കുമിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും വക്താവ് പറയുന്നു. കഴിഞ്ഞ മാസം മെക്കയിലെ കാബയിൽ വച്ച് കിരീടാവകാശി ക്ഷുഭിതനായിരുന്നു. ചില മതപണ്ഡിതർ പരാതികൾ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇരുവരുടെയും വിദേശ നയങ്ങളിലും വൈരുദ്ധ്യമുണ്ട്. യെമനിലെ യുദ്ധതടവുകാരുടെ വിഷയത്തിലും സുഡാൻ, അൽജീരിയ വിഷങ്ങളിലും ഈ വൈരുധ്യം പ്രകടമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.