സിഡ്നി: ഇന്ത്യക്കാരിയായ ഡെന്‍റിസ്റ്റിന്‍റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മുൻ കാമുകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജയായ ഡെന്‍റിസ്റ്റ് പ്രീതി റെഡ്ഡിയുടെ മൃതദേഹം സ്യൂട്ട് കെയ്സിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രീതിയുടെ മുൻ കാമുകൻ ഹർഷ് നാഡെയാണ് കൊല്ലപ്പെട്ടത്. വടക്കൻ വില്ലോ ട്രീയിൽ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ഇയാൾ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യൂ കാർ എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും കത്തിനശിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഹർഷ് നാർഡെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഞായറാഴ്ച രാത്രി ഇരുവരും സിഡ്നി മാർക്കറ്റ് സ്ട്രീറ്റിലെ നക്ഷത്ര ഹോട്ടലിൽ ഒരുമിച്ച് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ സിഡ്നിയിലെ മക്ഡൊണാൾഡിൽനിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയോടെയാണ് പ്രീതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രീതിയുടെ മൃതദേഹം സ്യൂട്ട്കെയ്സിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നു.
ഇതിനിടെ പ്രീതിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിനിടെ പൊലീസ് ഹർഷ് നാർഡെയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് അപകടത്തിൽ ഹർഷ് നാർഡെ കൊല്ലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഹർഷ് നാർഡെ മനപൂർവ്വം അപകടമുണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.