കൊലപ്പെട്ട പത്ത് പേരുടേയും മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് പ്രിഗോഷിന‍്റെ മരണം സ്ഥിരീകരിച്ചതെന്ന് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ച്ചയാണ് മോസ്കോയുടെ വടക്ക് ട്വറിൽ വിമാനം തകർന്നു വീണത്. പ്രിഗോഷിനും അദ്ദേഹത്തിന്റെ മുൻനിര ലെഫ്റ്റനന്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു.
Also Read- റഷ്യയിലെ വാഗ്നർ കൂലിപ്പട്ടാളത്തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
യുക്രെയ്നെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു വാഗ്നർ ഗ്രൂപ്പ്. അടുത്തിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് പ്രിഗോഷിൻ ശ്രമിച്ചത് രാജ്യാന്തരതലത്തിൽ വലിയ വാർത്തയായിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയുമായി 23 വർഷമായി അധികാരത്തിലിരിക്കുന്ന വ്ലാഡിമിർ പുട്ടിന് കനത്ത പ്രഹരമായിരുന്നു സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ് സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ സംഭവം. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി കൂലിപ്പട്ടാളം പിന്തിരിഞ്ഞത്.
advertisement
Also Read- റഷ്യൻ സൈന്യത്തിനെതിരെ സ്വന്തം കൂലിപ്പട്ടാളം; അട്ടിമറി ഭീഷണിയെ തുടർന്ന് നഗരങ്ങളിൽ കനത്ത സുരക്ഷ
പ്രിഗോഷിന്റെ മരണം വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ നേരത്തേ സ്ഥിരീകരിച്ചിരുന്നു. റഷ്യയുടെ നായകനും യഥാർത്ഥ രാജ്യസ്നേഹിയുമായ പ്രിഗോഷിൻ സഞ്ചരിച്ച വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതാണെന്നാണ് ഗ്രെ സോൺ ആരോപിച്ചത്.
2014ൽ രൂപീകരിക്കപ്പെട്ട റഷ്യയുടെ കൂലിപ്പട്ടാളമാണ് വാഗ്നർ. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. പിന്നീട് പുടിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞു.