റഷ്യയിലെ വാഗ്നർ കൂലിപ്പട്ടാളത്തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലപ്പെട്ടത് അടുത്തിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് ശ്രമിച്ച കൂലിപ്പട്ടാളത്തിന്റെ തലവൻ
മോസ്കോ: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തകർന്ന വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെ പേരും ഉൾപ്പെട്ടിരുന്നു. റഷ്യൻ വാർത്ത ഏജൻസി ഇന്റർഫാക്സ് പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മോസ്കോയുടെ വടക്ക് ട്വറിലാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
യുക്രെയ്നെതിരായ യുദ്ധത്തിൽ മുന്നണിപ്പോരാളികളായിരുന്നു വാഗ്നർ ഗ്രൂപ്പ്. അടുത്തിടെ റഷ്യയിൽ പട്ടാള അട്ടിമറിക്ക് പ്രിഗോഷിൻ ശ്രമിച്ചത് രാജ്യാന്തരതലത്തിൽ വലിയ വാർത്തയായിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയുമായി 23 വർഷമായി അധികാരത്തിലിരിക്കുന്ന വ്ലാഡിമിർ പുട്ടിന് കനത്ത പ്രഹരമായിരുന്നു സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ് സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ സംഭവം. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി കൂലിപ്പട്ടാളം പിന്തിരിഞ്ഞത്.
അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന, മോസ്കോയുടെ വടക്ക് ട്വർ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്തു. 2014ൽ രൂപീകരിക്കപ്പെട്ട റഷ്യയുടെ കൂലിപ്പട്ടാളമാണ് വാഗ്നർ. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. പിന്നീട് പുടിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 24, 2023 6:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യയിലെ വാഗ്നർ കൂലിപ്പട്ടാളത്തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്