ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഈ 50 വയസ്സുകാരൻ മുമ്പ് അറിയപ്പെട്ട മനുഷ്യാവകാശ അഭിഭാഷകനായിരുന്നു. ലണ്ടനിലെ പബ്ലിക് ഹൗസിംഗ് കോംപ്ലക്സിലാണ് ഇദ്ദേഹം വളർന്നത്. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായ ഷോൺ ബേലിയെ മലർത്തിയടിച്ചാണ് അദ്ദേഹം വീണ്ടും സിറ്റി ഹാളിലേക്ക് തിരിച്ചെത്തുന്നത്.
പാകിസ്ഥാനി കുടിയേറ്റക്കാരനായ ബസ് ഡ്രൈവറുടെ മകൻ 2016ൽ ഒരു വെസ്റ്റേൺ രാജ്യ തലസ്ഥാനത്തിന്റെ മേയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിം കൂടിയായിരുന്നു. ബ്രക്സിറ്റ് വിമർശകനായിരുന്ന സാദിഖ് ഖാൻ ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള കൺസർവേറ്റീവ് പ്രധാനമന്ത്രിമാരുമായും മുൻ അമേരിക്കൻ പ്രഡിഡന്റായ ഡോണാൾഡ് ട്രംപുമായുള്ള ഉടക്ക് വഴിയും ശ്രദ്ധ നേടിയിരുന്നു.
advertisement
LockDown | ലോക്ക്ഡൗൺ വിലക്ക് ലംഘനം; 250 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ
മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയ ട്രംപിന്റെ നയത്തിനെതിരെ ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ തീവ്രവാദിയെന്നും ദേശീയ അപമാനം എന്നുമായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇതിന് പകരമായി 2018ലെ ട്രംപിന്റെ ബ്രിട്ടൻ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ പാവപ്രതിമ പാർലമന്റ് സ്ക്വയറിൽ ഉയർത്താൻ അദ്ദേഹം സമരക്കാർക്ക് അനുമതി നൽകിയിരുന്നു. അദ്ദേഹം എന്നെ പരാജിതൻ എന്നാണ് വിശേഷിപ്പിച്ചത്, ഇവിടെ ഒരാൾ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ, അത് ഞാനല്ല, സാദിഖ് ഖാൻ അന്നു പറഞ്ഞു.
തെരുവിലെ പോരാളി
1970ൽ പാകിസ്ഥാനിൽ നിന്ന് വന്ന രക്ഷിതാക്കളുടെ മകനായി ലണ്ടനിലാണ് ഖാൻ ജനിച്ചത്. ഏഴു സഹോദരന്മാരും ഒരു സഹോദരിയുമുള്ള കുടുംബത്തിലെ അഞ്ചാമനാണ് ഖാൻ. സൗത്ത് ലണ്ടനിലെ ടൂട്ടിംഗിലെ ഒരു പബ്ലിക് ഹൗസിംഗ് സൊസൈറ്റിയിൽ വളർന്ന അദ്ദേഹം 24ാം വയസ്സ് വരെ ബങ്ക് ബെഡിൽ ആയിരുന്നു കിടന്നിരുന്നത്.
ഈ എളിയ ജീവിതപശ്ചാത്തലം അദ്ദേഹത്തിന്റെ കരിയറിനെയും നന്നായി സ്വാധീനിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ വിജയ പ്രസംഗത്തിലും അദ്ദേഹം ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 'ഒരു കൗൺസിൽ സ്റ്റേറ്റിലാണ് ഞാൻ വളർന്നത്. കുടിയേറ്റക്കാരുടെ മകനായ, ഈ വർക്കിംഗ് ക്ലാസ് പയ്യൻ ഇപ്പോൾ ലണ്ടൻ മേയറാണ്,' - ഖാൻ പറഞ്ഞു.
തന്റെ പിതാവ് ലണ്ടനിലെ പ്രശസ്തമായ ചുവന്ന ബസുകൾ ഓടിച്ചിരുന്നതിനെക്കുറിച്ചും തുന്നല്‍ക്കാരിയായ അമ്മയെക്കുറിച്ചും മോട്ടോർ മെക്കാനിക്കായ സഹോദരനെക്കുറിച്ചുമൊക്കെ സാദിഖ് ഖാൻ ഓർത്തെടുക്കുന്നു. ഒരു ബോക്സർ കൂടിയായ ഖാൻ തെരുവിൽ തനിക്കെതിരെ വംശീയമായ അസഭ്യങ്ങൾ പറയുന്നവരെ നേരിടാനാണ് ഇത് പഠിച്ചതെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ രണ്ട് സഹോദങ്ങൾ ലണ്ടനിൽ ബോക്സിംഗ് കോച്ചുമാരായി ജോലി ചെയ്തു വരികയാണ്. 2014ലെ ലണ്ടൻ മാരത്തണിൽ ഖാൻ പങ്കെടുത്തിരുന്നു.
സ്കൂൾ സമയത്ത് സയൻസ് പഠിച്ച് ദന്ത ഡോക്ടർ ആവാനാണ് ഇദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്സാമർത്ഥ്യം കണ്ട് നിയമം പഠിക്കാൻ ടീച്ചർ ഉപദേശിക്കുകയായിരുന്നു എന്ന് ഖാൻ പറഞ്ഞു. നോർത്ത് ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ഖാൻ 1994ൽ ക്രിസ്ത്യൻ ഫിഷർ ലീഗൽ കമ്പനിയിൽ ട്രെയിനി ആയാണ് ജോലി തുടങ്ങിയത്. അവിടെ വച്ചാണ് അദ്ദേഹം തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും. മനുഷ്യാവകാശ പോരാട്ടത്തിൽ വിഗദ്ധനായ ഖാൻ മൂന്ന് വർഷം പൗരസ്വാതന്ത്യ ക്യാംപയ്ൻ ഗ്രൂപ്പായ ലിബർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാഷൻ ഓഫ് ഇസ്ലാം മൂവ്മെന്റ് നേതാവായ ലൂയിസ് ഫറാഖാൻ, ബാബർ അഹ്മദ് എന്നിവർക്ക് വേണ്ടി അദ്ദേഹം അഭിഭാഷക വേഷമണിഞ്ഞിട്ടുണ്ട്.
മുസ്ലിം പ്രധാനമന്ത്രി?
15 ാമത്തെ വയസ്സിലാണ് ഖാൻ ലേബർ പാർട്ടിയിൽ ചേരുന്നത്. കൺസർവേറ്റീവ് പാർട്ടിക്കാരിയായ മാർഗരറ്റ് താച്ചറായിരുന്നു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി. 1994 കൺസർവേറ്റീവ് കോട്ടയായ ടൂട്ടിംഗിൽ മത്സരിച്ച് അദ്ദേഹം കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2005ൽ അദ്ദേഹം പാർലമെന്റിൽ എത്തി. ഭാര്യ സാദിയക്കും രണ്ട് പെൺകുട്ടികൾക്കുമൊപ്പം ഇപ്പോഴും ഇതേ പ്രദേശത്താണ് ഖാൻ താമസിക്കുന്നത്.
2008ൽ അന്നത്തെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ഖാനെ കമ്യൂണിറ്റീസ് വകുപ്പ് മന്ത്രിയായും പിന്നീട് ഗതാഗത വകുപ്പ് മന്ത്രിയായും നിയമിച്ചിരുന്നു. ക്യാബിനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്ന ആദ്യത്തെ മുസ്ലിം മന്ത്രിയായിരുന്നു അദ്ദേഹം. പാർലമെന്റിൽ ഗേ വിവാഹത്തിന് അനുകുലമായി വോട്ട് ചെയ്തതിന് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു.
കുറഞ്ഞ ചെലവിൽ വീടുകൾ, കുറഞ്ഞ പൊതു ഗതാഗത നിരക്ക് തുടങ്ങിയവയാണ് മേയർ എന്ന നിലക്ക് അദ്ദേഹത്തിന്റെ നേട്ടങ്ങൾ. കോവിഡ് കാരണം അദ്ദേഹം പല പദ്ധതികളും നടപ്പിലാവാതെ വന്നിട്ടുണ്ട്. തന്റെ രണ്ടാമൂഴത്തിൽ തൊഴിലിന് ആയിരുക്കും മുൻതൂക്കം എന്ന് ഖാൻ അറിയിച്ചിട്ടുണ്ട്.
കെൻ ലിവിംഗ് സ്റ്റോൺ (2000-2008), ജോൺസൺ (2008-2016) എന്നിവർക്കു ശേഷം മൂന്നാമത്തെ ലണ്ടൻ മേയറാണ് ഖാൻ. ജോൺസനെ പോലെ ഇദ്ദേഹവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണെന്ന് അഭ്യൂഹമുണ്ട്. ബ്രിട്ടനിൽ വൈകാതെ ഒരു മുസ്ലിം പ്രധാനമന്ത്രി ഉണ്ടാവുമെന്ന് പറയുന്ന ഖാൻ അത് താനാവില്ല എന്നും പറയുന്നു.