LockDown | ലോക്ക്ഡൗൺ വിലക്ക് ലംഘനം; 250 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ
Last Updated:
തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വിൽക്കാൻ വേണ്ടിയാണ് പ്രതി മദ്യം കടത്തിയത്.
തിരുവനന്തപുരം: കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യശാലകളും അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് 250 കുപ്പി മദ്യവുമായി ഒരാൾ പൊലീസ് പിടിയിലായത്. ഇയാൾ തമിഴ്നാട്ടിൽ നിന്നും മദ്യം ഒളിപ്പിച്ചു കൊണ്ടുവന്ന് കച്ചവടം നടത്തി വരികയായിരുന്നു. മദ്യവുമായി എത്തിയ ഇയാളെ പിടികൂടിയതായി ഐ ജി പിയും സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യയ അറിയിച്ചു.
വിഴിഞ്ഞം പഴയപള്ളിക്ക് സമീപം തുപ്പാശിക്കുടിയിൽ പുരയിടത്തിൽ എഡ്വിൻ (39) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വിൽക്കാൻ വേണ്ടിയാണ് പ്രതി മദ്യം കടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഇയാളെ കോട്ടപ്പുറം പുതിയ പള്ളിക്ക് സമീപം നിന്നാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.
advertisement
വിഴിഞ്ഞം എസ് എച്ച് ഒ രമേഷ് ജി, എസ് ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, മോഹനൻ, അലോഷ്യസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലോക്ക് ഡൗണിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച നാലുമണി വരെ തിരുവനന്തപുരം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷ വിലക്ക് ലംഘനം നടത്തിയ 437 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 97 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് - 2020 പ്രകാരമാണ് കേസെടുത്തത്.
advertisement
മാസ്ക് ധരിക്കാത്തതിന് 330 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത രണ്ടു പേരിൽ നിന്നുമായി 1, 66, 000 രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ എട്ട് വാഹനങ്ങൾക്ക് എതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. ശരിയായ രീതിയിൽ സുരക്ഷ മുൻകരുതൽ എടുക്കാത്ത 5477പേർക്ക് താക്കീത് നൽകി വിട്ടയച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 7:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LockDown | ലോക്ക്ഡൗൺ വിലക്ക് ലംഘനം; 250 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ